ദോഹ: ഖത്തർ 2022 ലോകകപ്പ് ഫുട്‌ബോളിന്റേതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സ്മാരക നാണയങ്ങളുടെ വാർത്തകൾ ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) നിഷേധിച്ചു. ഫിഫ ലോകകപ്പ് ഖത്തർ സ്മാരക നാണയങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന കാര്യങ്ങൾ ഔദ്യോഗികമല്ലെന്നും ഖത്തർ സെൻട്രൽ ബാങ്ക് അറിവോടെയല്ലെന്നും വ്യാഴാഴ്ച പ്രസ്താവനയിൽ ക്യുസിബി ചൂണ്ടിക്കാട്ടി.
നാമമാത്രമായ മൂല്യത്തിലായാലും നിയമപരമായ നിലയിലായാലും ഈ നാണയങ്ങൾക്ക് ആധികാരികത ഇല്ലെന്ന് ക്യുസിബി പറഞ്ഞു.
ഈ നാണയങ്ങൾ പുറത്തിറക്കിയ സ്ഥാപനങ്ങൾക്കെതിരെയോ ഈ കറൻസികൾ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെയോ നിയമനടപടി സ്വീകരിക്കുമെന്നും ക്യൂസിബി പറഞ്ഞു.
അതേസമയം, ഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ സ്മാരക നാണയങ്ങൾ ടൂർണമെന്റിന്റെ ഔദ്യോഗിക സംഘാടകരുമായി ഏകോപിപ്പിച്ച് ഉടൻ പുറത്തിറക്കാൻ ഒരുങ്ങുന്നതായും ക്യുസിബി അറിയിച്ചു.
ഫിഫ ലോകകപ്പ് ഖത്തർ 2022 നവംബർ 21 ന് ആരംഭിച്ച് ഡിസംബർ 18 ന് സമാപിക്കും.