ഖത്തറിലെ സുപ്രധാന ബാങ്കുകളിൽ പൂർണമായും വിദേശ ഉടമസ്ഥത; സമ്പദ് വ്യവസ്ഥയിൽ നിർണ്ണായക ചുവടുവെപ്പുമായി മന്ത്രിസഭ

ദോഹ: ഖത്തറിലെ നാല് സുപ്രധാന ബാങ്കുകളിലെ മൂലധന നിക്ഷേപത്തിൽ വിദേശികൾക്കും പൂർണ ഉടമസ്‌ഥാവകാശം അനുവദിക്കാനുള്ള കരട് നിയമം ഖത്തർ മന്തിസഭ അംഗീകരിച്ചു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിൽ തന്നെ നിർണ്ണായകമായേക്കുമെന്നു കരുതുന്ന ചുവടുവെപ്പാണ് ഇതിലൂടെ മന്ത്രിസഭ നടത്തിയത്. 

ഖത്തർ നാഷണൽ ബാങ്ക്, ഖത്തർ ഇസ്‌ലാമിക് ബാങ്ക്, കൊമേഴ്‌സ്യൽ ബാങ്ക്, മസ്‌റഫ് അൽ റയാൻ എന്നീ 4 തന്ത്രപ്രധാന ബാങ്കുകളുടെ ഉടമസ്ഥാവകാശത്തിലാണ് വിപ്ലവകരമായ മാറ്റത്തിന് മന്ത്രിസഭ അംഗീകാരം നൽകുന്നത്. നേരത്തെ ഈ ബാങ്കുകളിലെ വിദേശ പങ്കാളിത്തം 49% വരെയായിരുന്നു. 49% ൽ നിന്ന് 100% വരെ അനുവദിക്കുന്നതാണ് പുതിയ നയത്തിന്റെ പ്രത്യേകത.

കൊറോണയ്ക്കും ഉപരോധത്തിനും ശേഷമുള്ള ഖത്തർ സാമ്പത്തിക രംഗത്തിന്റെ കുതിച്ചുചാട്ടം ലക്ഷ്യമിട്ടുള്ള സർക്കാരിന്റെ മാർക്കറ്റ്-അനുകൂല നിലപാടുകളുടെ ഭാഗമാണ് പുതിയ നയമെന്ന് വിദഗ്ധർ നിരീക്ഷിക്കുന്നു. എല്ലാ സാമ്പത്തിക വിഭാഗത്തിലുമുള്ള കമ്പനികളിൽ വിദേശികൾക്ക് 100% ഉടമസ്ഥത വഹിക്കാൻ അനുവദിക്കുന്ന വിദേശ നിക്ഷേപ നയത്തിന്റെ നടപ്പാക്കലിലേക്ക് ഗതിവേഗം പകരുന്നത് കൂടിയാണ് പുതിയ ചുവടുവെപ്പെന്നും കരുതപ്പെടുന്നു. ഗൾഫ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ 100% വിദേശപങ്കാളിത്തം അനുവദിക്കുന്ന കരട് നിയമത്തിന് കഴിഞ്ഞ ഏപ്രിലിൽ ഖത്തർ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.

Exit mobile version