ഖത്തറിന്റെ സൗരോർജ്ജ ഉൽപ്പാദനം ഇരട്ടിയാകും, പുതിയ സോളാർ പവർ മെഗാ പ്രോജക്റ്റ് പ്രഖ്യാപിച്ച് ഖത്തർ എനർജി

ഖത്തറിൻ്റെ സൗരോർജ്ജ ഉൽപ്പാദനം ഇരട്ടിയിലധികം വർധിപ്പിക്കുന്ന ഒരു മെഗാ സൗരോർജ്ജ പദ്ധതി ഖത്തർ എനർജി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഈ പദ്ധതി കാർബൺ ബഹിർഗമനം കുറയ്ക്കാനും ശുദ്ധമായ ഊർജത്തിലേക്കു മാറാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ പിന്തുണയ്ക്കാനും സഹായിക്കും.

പുതിയ സംരംഭം ഖത്തറിൻ്റെ സൗരോർജ്ജ ശേഷി 4,000 മെഗാവാട്ടായി ഉയർത്തും. ദുഖാൻ പ്രദേശത്ത്, 2000 മെഗാവാട്ട് ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാൻ്റ് നിർമ്മിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.

ദോഹയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി പ്രസിഡൻ്റും സിഇഒയുമായ എച്ച്ഇ സാദ് ഷെരീദ അൽ കാബിയാണ് ഈ വാർത്ത പങ്കുവെച്ചത്. സുസ്ഥിര തന്ത്രത്തിൻ്റെ ഭാഗമായി, 2030ഓടെ സൗരോർജ്ജ ശേഷി 4,000 മെഗാവാട്ടായി മാറ്റുമെന്ന് പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു.

കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറയ്ക്കുന്നതിനും സുസ്ഥിര പദ്ധതികൾ വികസിപ്പിക്കുന്നതിനും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന രീതി വൈവിധ്യവത്കരിക്കുന്നതിനും സോളാർ പവർ പ്ലാൻ്റുകൾ നിർമ്മിക്കുന്നത് ഖത്തറിനു പ്രധാനമാണ്. ഈ പദ്ധതി ഓരോ വർഷവും 4.7 ദശലക്ഷം ടണ്ണിലധികം കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറയ്ക്കാൻ സഹായിക്കും.

ഖത്തർ എനർജിയുടെ നിലവിലുള്ള സോളാർ പവർ പ്രോജക്ടുകളോടൊപ്പം പുതിയ സോളാർ പ്ലാൻ്റും ചേരും. 2022-ൽ 800 മെഗാവാട്ട് ശേഷിയിൽ ആരംഭിച്ച അൽ-ഖർസ സോളാർ പ്ലാൻ്റ്, 875 മെഗാവാട്ട് ശേഷിയുള്ള റാസ് ലഫാൻ, മെസൈദ് വ്യാവസായിക നഗരങ്ങളിലെ മറ്റ് രണ്ട് സോളാർ പദ്ധതികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ദുഖാൻ സോളാർ പവർ പ്ലാൻ്റ് കൂടി കൂട്ടിച്ചേർത്താൽ, ഖത്തർ എനർജിയുടെ സോളാർ പദ്ധതികൾ 2030 ഓടെ ഏകദേശം 4,000 മെഗാവാട്ടിലെത്തും. ഇത് ഖത്തറിൻ്റെ മൊത്തം വൈദ്യുതി ഉൽപ്പാദന ശേഷിയുടെ മുപ്പതു ശതമാനത്തോളം വരും.

ഖത്തറിൻ്റെ ഊർജ മേഖലക്കു നേതൃത്വം നൽകുന്നതിനും നിരന്തരമായി പിന്തുണക്കുന്നതിനും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയോട് മന്ത്രി അൽ-കഅബി നന്ദി പറയുകയും ചെയ്‌തു.

Exit mobile version