ദോഹ: ഖത്തറിൽ നിലവിലെ എല്ലാ കോവിഡ് നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകാൻ, പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ ഥാനിയുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നേരത്തെ, 4 ഘട്ടങ്ങളിലായി കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ച് സാധാരണ ജീവിതം പുനഃസ്ഥാപിക്കാനായിരുന്നു ഖത്തർ മന്ത്രിസഭ തീരുമാനിച്ചിരുന്നത്. ഇതിനായി മെയ് 28 ന് തുടങ്ങിയ ലഘൂകരണങ്ങൾ ജൂണ് 18 ന് രണ്ടാം ഘട്ടവും ജൂലൈ 9 ന് മൂന്നാം ഘട്ടവും പിന്നിട്ടിരുന്നു. പരിപൂർണ്ണമായ സാധാരണനില കല്പിച്ചിരുന്ന നാലാം ഘട്ടം ജൂലൈ 30 നാളെ മുതൽക്കാണ് ആസൂത്രണം ചെയ്യപ്പെട്ടിരുന്നത്. എന്നാൽ ഖത്തറിൽ കോവിഡ് നിലയിൽ സമീപദിവസങ്ങളിൽ ഉണ്ടായ വർധനവ് ആണ് തൽസ്ഥിതി തുടരാൻ അധികൃതരെ പ്രേരിപ്പിച്ചത്.
കോവിഡ് കേസുകൾ ഇനിയും ഉയരുകയാണെങ്കിൽ നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കേണ്ടി വരികയോ അടുത്ത ഘട്ട ഇളവുകൾ വൈകിക്കേണ്ടി വരികയോ ചെയ്യുമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. സമീപ ആഴ്ചകളിൽ ആദ്യമായി ഇന്നലെ ഖത്തറിൽ പ്രതിദിന കേസുകൾ 200 കടന്നിരുന്നു.
വിവിധ പൊതു, വ്യാപാര മേഖലകളിലെ പ്രവേശനപരിധി ഉയർത്തിയതും കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് പ്രവേശനം അനുവദിച്ചതുമാണ് ഖത്തറിൽ മൂന്നാം ഘട്ടത്തിൽ എത്തിനിൽക്കുന്ന പ്രധാന ഇളവുകൾ. ഒപ്പം, വാക്സിനേഷൻ പൂർത്തിയാക്കിയവർക്കെല്ലാം നിർബന്ധിത ക്വാറന്റീൻ ഒഴിവാക്കി നൽകി, ട്രാവൽ ആന്റ് റിട്ടേണ് പോളിസിയിൽ സമഗ്രമായ മാറ്റവും വരുത്തിയിരുന്നു. ഓൺ-അറൈവൽ വിസ ഉൾപ്പെടെ വിവിധ തരം സന്ദർശക വിസകളും അനുവദിച്ചിരുന്നു.