ആഗോള വാക്സിനേഷൻ റാങ്കിംഗിൽ ഖത്തർ മുൻനിരയിൽ

ദോഹ: ലോകവ്യാപകമായുള്ള വാക്സിനേഷൻ കണക്കുകളുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച റാങ്കിംഗിൽ ലോകരാജ്യങ്ങളിൽ ഖത്തർ മുൻനിരയിലെത്തിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു മില്യണിന് മുകളിൽ ജനസംഖ്യ ഉള്ള രാജ്യങ്ങളിൽ ഒന്നാം ഡോസ് വാക്സീൻ പൂർത്തിയാക്കിയതിൽ ഖത്തറിന് രണ്ടാം സ്ഥാനമാണ്.  യോഗ്യരായവരിൽ 92.3% പേർ ഖത്തറിൽ ഒരു ഡോസ് വാക്സീൻ എങ്കിലുമെടുത്തിട്ടുണ്ട്. കുട്ടികൾ ഉൾപ്പെടുന്ന ആകെ ജനസംഖ്യയിൽ ഇത് 80.1% ആണ്.

രണ്ട് ഡോസും സ്വീകരിച്ചു വാക്സിനേഷൻ പൂർത്തിയാക്കിയ, 1 മില്യണിന് മുകളിൽ ജനസംഖ്യ ഉള്ള രാജ്യങ്ങളുടെ ലിസ്റ്റിൽ ഖത്തറിന്റെ സ്ഥാനം അഞ്ചാമതാണ്. യോഗ്യരായവരിൽ 80.6 ശതമാനവും കുട്ടികളുൾപ്പെടുന്ന ആകെ ജനസംഖ്യയിൽ 69.9 ശതമാനവുമാണ് വാക്സിനേഷൻ പൂർത്തിയാക്കിയത്.

ഔർ വേൾഡ് ഇൻ ഡാറ്റ ഏജൻസി പ്രസിദ്ധീകരിച്ചതാണ് റാങ്കിംഗ് ലിസ്റ്റ്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഖത്തറിൽ ആകെ നൽകിയ ഡോസ് വാക്സീനുകളുടെ എണ്ണം 42,52387 ആണ്. രണ്ട് ഡോസുമെടുത്തു 14 ദിവസം പിന്നിട്ടവരെ മാത്രമാണ് ഖത്തറിൽ വാക്സീൻ പൂർത്തിയാക്കിയവരായി കണക്കാക്കുന്നത്. ഈ നിലയിൽ 18% ലും കുറവാണ് ഖത്തറിൽ ഇനി രണ്ടാം ഡോസ് പൂർത്തിയാക്കാനുള്ളവർ. സമീപദിസങ്ങളിൽ രാജ്യത്ത് കോവിഡ് കേസുകൾ ഉയർന്നു നിൽക്കുകയാണെങ്കിലും മരണസംഖ്യ (601) യിൽ മാറ്റമില്ല. ലോകത്തെ തന്നെ ഏറ്റവും കോവിഡ് മരണനിരക്ക് കുറഞ്ഞ രാജ്യങ്ങളിൽ ഒന്ന് കൂടിയാണ് ഖത്തർ.

Exit mobile version