ഇനി ഫിബ ലോകകപ്പ്; ഒരുങ്ങാൻ ഖത്തർ

ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫുട്ബോൾ ഷോപീസ് എന്ന് വിശേഷിപ്പിക്കപ്പെട്ട ഫിഫ ലോകകപ്പ് 2022 ന് ആതിഥേയത്വം വഹിച്ചതിന് ശേഷം മറ്റൊരു ലോകകപ്പിന് കൂടി തയ്യാറെടുക്കുകയാണ് ഖത്തർ. ഫിബ ബാസ്ക്കറ്റ്ബോൾ ലോകകപ്പ് 2027 നാണ് ഖത്തർ പുതുതായി ആതിഥേയരാവാൻ ഒരുങ്ങുന്നത്.

ടൂർണമെന്റ് സംഘാടകരായ FIBA (ഇന്റർനാഷണൽ ബാസ്‌ക്കറ്റ്‌ബോൾ ഫെഡറേഷൻ) യുടെ പ്രസിഡന്റ് ഹമാനെ നിയാംഗിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം രാജ്യം സന്ദർശിച്ചു വിലയിരുത്തി. FIBA ഉദ്യോഗസ്ഥർ ലോകകപ്പിനായി കണ്ടെത്തിയ സ്ഥലങ്ങൾ സന്ദർശിക്കുകയും അത്യാധുനിക സൗകര്യങ്ങളിൽ തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

ലുസൈൽ മൾട്ടിപർപ്പസ് ഹാൾ, ദുഹൈൽ സ്‌പോർട്‌സ് ഹാൾ, അലി ബിൻ ഹമദ് അൽ അത്തിയ അരീന, ആസ്പയർ അക്കാദമി എന്നിവിടങ്ങളിൽ ലോകകപ്പ് മത്സരങ്ങൾ നടക്കും.

വേദികളിലേക്കുള്ള സന്ദർശനത്തിന് പുറമെ, മുൻനിര ബാസ്കറ്റ്ബോൾ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള പ്രാദേശിക സംഘാടക സമിതിയുടെ ഒരുക്കങ്ങളെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ പ്രതിനിധിസംഘത്തിന് ലഭിച്ചു. കായിക വേദികൾ, പ്രവർത്തനങ്ങൾ, ഗതാഗതം, താമസം, ടിവി സംപ്രേക്ഷണ സേവനങ്ങൾ, മറ്റ് പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ റിപ്പോർട്ടും FIBA ഉദ്യോഗസ്ഥർക്ക് കൈമാറി.

ലോകോത്തര മത്സര വേദികളുടെ സന്നദ്ധതയും ദേശീയ വികസന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള ഒരു വേദിയെന്ന നിലയിൽ കായികരംഗത്തുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും അടിസ്ഥാനമാക്കി ഏപ്രിലിൽ ഫിലിപ്പീൻസിലെ മനിലയിൽ നടന്ന യോഗത്തിലാണ് ഫിബ സെൻട്രൽ ബോർഡ് 2027 ലോകകപ്പിന് ഖത്തറിന് ആതിഥേയത്വം നൽകുന്നത്.

പ്രാദേശികമായി എല്ലാ തലങ്ങളിലും ബാസ്‌ക്കറ്റ്‌ബോൾ വികസനം തുടരാനുള്ള കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് ഏഷ്യയുടെ സ്പോർട്സ് തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന ഖത്തറിനെ തിരഞ്ഞെടുക്കാനുള്ള തീരുമാനം.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi

Exit mobile version