2022 ൽ ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിനായി ഏറ്റവും വലിയ ‘വളണ്ടീയറിംഗി’ന് ഒരുങ്ങുകയാണ് രാജ്യം. 2018 സെപ്റ്റംബറിൽ ആരംഭിച്ച വളണ്ടിയർമാർക്കായുള്ള രെജിസ്ട്രേഷനിൽ ഇത് വരെ സേവനസന്നദ്ധത അറിയിച്ചത് 371,000 പേരാണ്. ഇവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന 20000 പേർ ഫിഫ ലോകകപ്പിനായുള്ള സേവനസന്നദ്ധനിരയിൽ അണിനിരക്കും.
പ്രധാനമായും 2 ലക്ഷ്യങ്ങളാണ് വളണ്ടീയറിംഗ് പദ്ധതി ആരംഭിക്കുമ്പോൾ ഖത്തർ ലക്ഷ്യമിട്ടതെന്ന് സുപ്രീം കമ്മറ്റി ഓഫ് ഡെലിവറി ആന്റ് ലെഗസിയുടെ സ്ട്രേറ്റജി മാനേജർ നസ്സർ അൽ മോഗൈസീബ് പറഞ്ഞു. ഒന്ന്, 2022 ലോകകപ്പിനായ് വിവിധങ്ങളായ ദേശീയതയും സംസ്കാരവും പ്രതിനിധീകരിക്കുന്ന സേവകരെ കണ്ടെത്തുക എന്ന് തന്നെയാണ്. രണ്ടാമത് ഭാവിയിലും ഖത്തറിൽ അരങ്ങേറാനിരിക്കുന്ന പരിപാടികൾക്കും ഉപയോഗപ്പെടുത്താവുന്ന വിധത്തിൽ വളണ്ടിയർമാരുടെ ബൃഹത് ഡാറ്റബേസ് തയ്യാറാക്കുക എന്നതും.
ഖത്തറിന്റെ ചരിത്രത്തിലെ ഏറ്റവും അധികം വളണ്ടിയർമാർ പങ്കെടുക്കുന്ന ഇവന്റാണ് ലോകകപ്പ്. ഇതിന് മുന്നോടിയായി, 2020 ഫെബ്രുവരിയിൽ നടന്ന ക്ലബ് വേൾഡ്കപ്പിൽ 1500 വളണ്ടീയർമാരാണ് പങ്കെടുത്തത്. 2021 ജൂണിൽ നടന്ന ഫിഫ അറബ് കപ്പ് യോഗ്യതാ ടൂർണമെന്റിൽ 600 പേരാണ് വളണ്ടീയർമാരായത്. 2021 നവമ്പറിലും ഡിസംബറിലുമായി നടക്കുന്ന ഫിഫ അറബ് കപ്പിൽ 5000 വളണ്ടീയര്മാരുടെ സാന്നിദ്ധ്യം ഉണ്ടാകുമെന്നും അൽമൊഗൈസീബ് അറിയിച്ചു.