വാക്‌സിനേഷൻ എടുത്തതും കൊവിഡ് വന്ന് മാറിയതുമായ വിദ്യാർത്ഥികൾക്ക് ഇപ്പോൾ പ്രതിവാര റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ആവശ്യമില്ലെന്ന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
അത്തരം വിദ്യാർത്ഥികൾ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചുവെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റോ, കോവിഡിൽ നിന്ന് സുഖം പ്രാപിച്ചതിന്റെ ആരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റോ ഹാജരാക്കണം.
അതേസമയം, പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത വിദ്യാർത്ഥികൾക്ക് വീട്ടിൽ പ്രതിവാര റാപ്പിഡ് ആന്റിജൻ പരിശോധന തുടരും. സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് സ്‌കൂളുകൾ വഴി ടെസ്റ്റിംഗ് ഉപകരണങ്ങൾ നൽകുന്നത് തുടരും.
ഇത് കൂടാതെ, പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ, എല്ലാ വിദ്യാഭ്യാസ തലങ്ങളിലും റാൻഡം ടെസ്റ്റുകൾ നടക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഞായറാഴ്ച മുതൽ എല്ലാ മുൻകരുതൽ നടപടികളോടെയും സ്‌കൂളുകൾ കോവിഡിന് മുമ്പുള്ള സമയക്രമത്തിലേക്ക് മടങ്ങുമെന്നും അധികൃതർ വ്യക്തമാക്കി.
ഫിസിക്കൽ എജ്യുക്കേഷൻ ക്ലാസുകൾ അടുത്ത ആഴ്ച മുതൽ പുനരാരംഭിക്കുമെന്നും യാത്രകളും മറ്റും ഉൾപ്പെടെയുള്ള പാഠ്യേതര പ്രവർത്തനങ്ങളും മുൻകരുതലുകളോടെ നടത്താമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.
മുൻകരുതൽ നടപടികൾ പാലിക്കാൻ രക്ഷിതാക്കളോടും വിദ്യാർത്ഥികളോടും മന്ത്രാലയം ആവശ്യപ്പെട്ടു.