പലസ്‌തീൻ അഭയാർത്ഥികളെയും കുടിയിറക്കപ്പെട്ടവരെയും സഹായിക്കാനുള്ള മാനുഷിക ശ്രമങ്ങൾക്ക് ശക്തമായ പിന്തുണ നൽകാൻ അന്താരാഷ്ട്ര സമൂഹത്തോട് ഖത്തർ സ്റ്റേറ്റ് അഭ്യർത്ഥിച്ചു. അവരുടെ ദുരിതങ്ങൾ ലഘൂകരിക്കേണ്ടതിൻ്റെയും ശരിയായ സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെയും അന്തസ്സോടെ ജീവിക്കാൻ അനുവദിക്കേണ്ടതിന്റെയും ആവശ്യകത ഖത്തർ വ്യക്തമാക്കി. പലസ്‌തീൻ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ-പ്രവർത്തന ഏജൻസിയെ (UNRWA) അതിൻ്റെ ചുമതലകൾ ഫലപ്രദമായി നിർവഹിക്കാൻ അനുവദിക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു.
യുഎൻആർഡബ്ല്യുഎയുടെ പങ്ക് കുറയ്ക്കുന്നതിനോ പലസ്‌തീനികളുടെ അഭയാർത്ഥി പദവി ഇല്ലാതാക്കുന്നതിനോ അല്ലെങ്കിൽ ഈ ഏജൻസിയുടെ ലക്ഷ്യത്തെയും ചുമതലകളെയും ദുർബലപ്പെടുത്തുന്നതിനോ ഉള്ള ഏതൊരു ശ്രമവും നിരസിക്കുമെന്നും ഖത്തർ വ്യക്തമാക്കി.
യുഎൻ അഭയാർഥികൾക്കായുള്ള ഹൈക്കമ്മീഷണറുടെ (യുഎൻഎച്ച്‌സിആർ) വാർഷിക പ്രതിജ്ഞാ സമ്മേളനത്തിൽ ജനീവയിലെ ഖത്തറിൻ്റെ സ്ഥിരം പ്രതിനിധി സംഘത്തിൻ്റെ മൂന്നാം സെക്രട്ടറി അബ്ദുൽ അസീസ് മുഹമ്മദ് അൽ മൻസൂരിയാണ് ഈ പ്രസ്‌താവന നടത്തിയത്.യുഎന്നിന്റെ ശ്രമങ്ങളെ വിവേചനമില്ലാതെ പിന്തുണയ്ക്കുന്നതിനും ലോകമെമ്പാടുമുള്ള അഭയാർഥികളെ സഹായിക്കുന്നതിനുമുള്ള ഖത്തറിൻ്റെ പ്രതിബദ്ധത അൽ മൻസൂരി എടുത്തു പറഞ്ഞു.
അഭയാർത്ഥി ക്യാമ്പുകൾ, യുഎൻആർഡബ്ല്യുഎ നടത്തുന്ന സ്‌കൂളുകൾ, അഭയകേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യം നടത്തുന്ന ആക്രമണങ്ങളെ അൽ മൻസൂരി അപലപിച്ചു. ഈ പ്രവർത്തനങ്ങൾ മേഖലയിലെ അസ്ഥിരതയെ കൂടുതൽ വഷളാക്കുമെന്നും ഇത് കൂടുതൽ സംഘർഷത്തിലേക്കും ആഗോള പ്രത്യാഘാതങ്ങളിലേക്കും നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഫിഫ ലോകകപ്പ് ഖത്തർ 2022 ലെഗസി ഫണ്ട് ഉൾപ്പെടെയുള്ള ഖത്തറിൻ്റെ സമീപകാല സംരംഭത്തെപ്പറ്റി അദ്ദേഹം പരാമർശിച്ചു. UNHCR, ലോകാരോഗ്യ സംഘടന, വേൾഡ് ട്രേഡ് ഓർഗനൈസേഷൻ എന്നിവയുടെ പങ്കാളിത്തത്തോടെയുള്ള കമ്മ്യൂണിറ്റി പ്രോഗ്രാമുകളിലൂടെ അഭയാർത്ഥികളെയും കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെയും പിന്തുണയ്ക്കുക എന്നതാണ് ഫിഫയുമായി ചേർന്ന് ആരംഭിച്ച ഈ 50 മില്യൺ ഡോളർ ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്. അഭയാർത്ഥികൾക്ക് അവരുടെ ജീവിതം പുനർനിർമ്മിക്കാനും സ്വയംപര്യാപ്‌തത നേടാനും ഈ പരിപാടികൾ സഹായിക്കും.
ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെൻ്റ് (ക്യുഎഫ്എഫ്‌ഡി) നിരവധി പദ്ധതികളിൽ യുഎൻഎച്ച്‌സിആറുമായി സഹകരിച്ചിട്ടുണ്ട്. അതിൽ ഇവ ഉൾപ്പെടുന്നു:
– UNHCR-ൻ്റെ ആഗോള മാനുഷിക ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിന് $8 മില്യൺ മൂല്യമുള്ള ഒരു മൾട്ടി-ഇയർ കരാർ.
– ജോർദാനിലെ സാതാരി, അസ്രാഖ് ക്യാമ്പുകളിലെ സിറിയൻ അഭയാർത്ഥികൾക്കുള്ള ഹെൽത്ത് കെയർ റഫറലുകൾ, 4 മില്യൺ ഡോളറിലധികം മൂല്യമുള്ളതാണിത്.
– ലെബനനിലെ സിറിയൻ അഭയാർത്ഥികളെ പിന്തുണയ്ക്കുന്നതിനും പ്രസ്‌തുത സമൂഹത്തിനുള്ള സമ്മർദ്ദം ലഘൂകരിക്കുന്നതിനുമായി 4 ദശലക്ഷം ഡോളർ ഗ്രാൻ്റ്.
– യുക്രൈനിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്ക് പാർപ്പിടം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിന് $5 ദശലക്ഷം ഗ്രാൻ്റ്.
– കൂടാതെ, മൗറിറ്റാനിയ, ചാഡ്, കെനിയ, ഉഗാണ്ട, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ 221,000-ലധികം അഭയാർത്ഥി കുട്ടികൾക്ക് സ്‌കൂൾ വിദ്യാഭ്യാസം നൽകുന്നതിനുള്ള 26 മില്യൺ ഡോളറിൻ്റെ പദ്ധതി ഖത്തറിൻ്റെ എഡ്യൂക്കേഷൻ എബോവ് ഓൾ ഫൗണ്ടേഷൻ അവലോകനം ചെയ്യുന്നു.
അഭയാർത്ഥികളുടെയും കുടിയൊഴിപ്പിക്കപ്പെട്ടവരുടെയും വർദ്ധിച്ചുവരുന്ന മാനുഷിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി യുഎൻഎച്ച്‌സിആറിനേയും ലോകമെമ്പാടുമുള്ള അതിൻ്റെ പരിപാടികളേയും പിന്തുണയ്ക്കുന്നതിനുള്ള ഖത്തറിൻ്റെ സമർപ്പണം അൽ മൻസൂരി വീണ്ടും ആവർത്തിച്ചു.