സിറിയൻ ഭൂമി കൈവശപ്പെടുത്തുന്ന ഇസ്രയേലിൻ്റെ നയം മേഖലയിൽ കൂടുതൽ അക്രമത്തിനും സംഘർഷത്തിനും ഇടയാക്കുമെന്ന് പ്രധാനമന്ത്രിയുടെ ഉപദേശകനും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവുമായ ഡോ.മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാൻ ഇസ്രായേലിനെ പ്രേരിപ്പിക്കണമെന്ന് അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
എല്ലാ സിറിയക്കാർക്കും സുരക്ഷ ഉറപ്പാക്കാനുള്ള സിറിയൻ പ്രതിപക്ഷ ഗ്രൂപ്പുകളുടെ പ്രഖ്യാപനങ്ങളെ അൽ അൻസാരി സ്വാഗതം ചെയ്‌തു. സിറിയയുടെ പരമാധികാരത്തെ പിന്തുണയ്ക്കുന്നതിനും സിറിയക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായി ഖത്തർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്വാതന്ത്ര്യത്തിനായുള്ള സ്വപ്‌നങ്ങൾ സാക്ഷാത്കരിച്ചതിന് ഖത്തർ സിറിയൻ ജനതയെ അഭിനന്ദിച്ചു. ഇത് സിറിയയ്ക്കും പ്രദേശത്തിനും ഒരു അവസരമാണെന്നും അദ്ദേഹം പറഞ്ഞു. സിറിയക്കാരെ സഹായിക്കുന്നതിനും പിന്തുണ നൽകുന്നതിനായി വിവിധ കക്ഷികളുമായി കൃത്യമായ ആശയവിനിമയം നിലനിർത്തുന്നതിനും ഖത്തർ സജീവമായി ഇടപെടുന്നു.
സിറിയൻ ജനതയുടെ അഭിലാഷങ്ങൾക്കു നൽകുന്ന ദീർഘകാല പിന്തുണയെ പ്രതിഫലിപ്പിച്ചു കൊണ്ട് ഖത്തർ ദോഹയിൽ ആദ്യത്തെ സിറിയൻ പ്രതിപക്ഷ എംബസിയും തുറന്നു.
ഭക്ഷണം, മെഡിക്കൽ, പാർപ്പിടം എന്നിവ ഉൾപ്പെടെയുള്ള മാനുഷിക സഹായം ഖത്തർ സിറിയയിലേക്ക് അയച്ചിട്ടുണ്ട്. ഇതുവരെ അയച്ച ആകെ സഹായം 52 ടണ്ണാണ്, ആവശ്യമുള്ളിടത്തോളം ഖത്തർ സിറിയയെ പിന്തുണയ്ക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.