ദോഹ/സെന്റ് പീറ്റേഴ്സ്ബർഗ്: ഊർജ്ജോത്പാദന മേഖലയിൽ പരിസ്ഥിതിക്ക് മുൻഗണനയും കേന്ദ്ര പ്രാധാന്യവും ആവശ്യമാണെങ്കിൽ തന്നെയും പരിസ്ഥിതി വാദത്തിലെ അമിതോത്സാഹം ഭാവിയിൽ ഓയിൽ ആന്റ് ഗ്യാസ് മേഖലയിലുള്ള നിക്ഷേപത്തെ തടസ്സപ്പെടുത്തുന്നതിൽ ചെന്നെത്തുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി ഖത്തർ ഊർജ്ജകാര്യ സഹമന്ത്രിയും ഖത്തർ പെട്രോളിയം പ്രസിഡന്റും സിഇഒയുമായ സാദ് ഷെരീദ അൽ-കാബി. സെന്റ് പീറ്റേഴ്‌സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിന്റെ ഭാഗമായി നടന്ന ഊർജ്ജ പരിവർത്തനങ്ങളെക്കുറിച്ചുള്ള ഒരു സെഷനിൽ സംസാരിക്കുകയായിരുന്നു അദേഹം.
അടുത്തിടെ പ്രസിദ്ധീകരിച്ച എണ്ണ-വാതക ഉത്പാദനം നിർത്താൻ ആവശ്യപ്പെടുന്ന ഇന്റർനാഷണൽ എനർജി ഏജൻസിയുടെ (IEA) ഒരു റിപ്പോർട്ട് ഉദ്ധരിച്ച അൽ കാബി, തങ്ങൾ ഓയിൽ ഉത്പാദനത്തിൽ അധിക നിക്ഷേപം അവസാനിപ്പിക്കുകയാണെങ്കിൽ വരും വർഷങ്ങളിൽ ഭീമാകാരമായ എണ്ണ വില വർദ്ധനക്ക് ലോകം സാക്ഷ്യം വഹിക്കുമെന്നും ഇത് രാജ്യങ്ങളേയും ഉപഭോക്താക്കളെയും എല്ലാ പെട്രോളിയം ഉത്പന്ന, ഉപോൽപ്പന്നങ്ങളിൽ നിന്നും അകറ്റുന്ന സ്ഥിതിയിലേക്ക് വഴിവെക്കുമെന്നും മുന്നറിയിപ്പ് നൽകി.
‘ഇത് അപകടകരമായ ഒരു ചർച്ചയാണ്, ഇത് ഇന്ന് വൈദ്യുതി പോലും ലഭ്യമല്ലാത്ത ലോകമെമ്പാടുമുള്ള നൂറ് കോടി ജനങ്ങളെ ദോഷകരമായി ബാധിക്കും,’ അദ്ദേഹം പറഞ്ഞു.
നിക്ഷേപം തുടർന്നും അനുവദിക്കുന്ന സമീപനത്തിന് ആഹ്വാനം ചെയ്ത അൽ കാബി ഒരേ സമയം പാരിസ്ഥിതികസംരക്ഷണത്തിലൂന്നിയുള്ള പ്രവർത്തനം മെച്ചപ്പെടുത്താനും ആവശ്യപ്പെട്ടു. “കൂടുതൽ പാരിസ്ഥിതിക സംവേദനക്ഷമതയോടെ പ്രവർത്തിക്കാൻ നമുക്കെല്ലാവർക്കും ഉത്തരവാദിത്തമുണ്ട്, ഞങ്ങൾ ലഭ്യമായ ഏറ്റവും മികച്ച എമിഷൻ അബേറ്റ്മെന്റ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത് മീഥെയ്ൻ പുറത്തുവിടുന്നത് തടയാൻ ഞങ്ങൾ കാർബൺ ക്യാപ്‌ചറും സീക്വെസ്‌ട്രേഷനും ഉപയോഗിക്കുന്നു,” അദ്ദേഹം വിശദീകരിച്ചു.