ഖത്തറിൽ പഴയ കറൻസി നോട്ടുകൾ മാറ്റിയെടുക്കാനുള്ള കാലാവധി വീണ്ടും നീട്ടി. 

ദോഹ: പഴയ ഖത്തറി കറൻസി നോട്ടുകൾ 2021 ഡിസംബർ 31 വരെ മാറ്റിയെടുക്കാമെന്നു ഖത്തർ ഇസ്‌ലാമിക് ബാങ്ക് (QIB) അറിയിച്ചു. ബാങ്കിന്റെ, ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിൽ നിന്ന് നോട്ട് മാറ്റിയെടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതായും QIB അറിയിച്ചു. നേരത്ത ജൂലൈ 1 വരെ ആയിരുന്നു നോട്ട് മാറിയെടുക്കാനുള്ള സമയം അനുവദിച്ചിരുന്നത്. പുതിയ തിയ്യതിയെ സംബദ്ധിച്ചു മറ്റു ബാങ്കുകൾ ഉടൻ വിവരം പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ഖത്തർ സെൻട്രൽ ബാങ്കിന് കീഴിലുള്ള എല്ലാ ബാങ്കുകളിലും നേരിട്ടെത്തിയൊ എടിഎം, സിഡിഎം സേവനങ്ങൾ വഴിയോ ക്യാഷ് മാറ്റിയെടുക്കാവുന്നതാണ്. ഇതിനായി വിപുലമായ സൗകര്യങ്ങൾ ആണ് ബാങ്കുകൾ ഒരുക്കിയിരിക്കുന്നത്. 

സാവകാശം നീട്ടിയത് ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാണ്. കൊറോണ പ്രതിസന്ധിയിൽ നാട്ടിൽ കുടുങ്ങിയ പ്രവാസികൾ ഉൾപ്പെടെ പലർക്കും പുതിയ തിയ്യതി ആശ്വാസകരമാണ്.

2020 ഡിസംബർ 13 നാണ് ഖത്തറിന്റെ നാലാം സീരീസ് നോട്ടുകൾ പിന്വലിക്കുന്നതായും അതേ മാസം 20 മുതൽ പുതിയ സീരീസ് നോട്ടുകൾ പ്രാബല്യത്തിൽ വരുന്നതായും ഖത്തർ സെൻട്രൽ ബാങ്ക് അറിയിക്കുന്നത്. പഴയ നോട്ടുകൾക്ക് അനുവദിച്ച 2021 മാർച്ച് വരെയുള്ള കാലാവധി, ഫിബ്രവരിയിൽ ജൂലൈ 1 ലേക്ക് ദീര്ഘിപ്പിക്കുകയായിരുന്നു. അതേ സമയം നിർദ്ദിഷ്ട തിയ്യതിക്കുള്ളിൽ മാറ്റി വാങ്ങാൻ കഴിയാത്തവർക്ക് ചില നടപടിക്രമങ്ങൾക്ക് വിധേയമായി ഖത്തർ സെൻട്രൽ ബാങ്കിൽ നേരിട്ടെത്തി പഴയ നോട്ടുകൾ മാറ്റാനുള്ള അവസരം നൽകിയിരുന്നു. 10 വർഷമാണ് ഇങ്ങനെ മാറ്റാനുള്ള കാലപരിധി.

Exit mobile version