ദോഹ: അപൂർവ്വ ജനിതക രോഗമായ സ്‌പൈനൽ മസ്‌ക്യുലാർ അട്രോഫി (എസ്.എം.എ ) ടൈപ്പ് 1 ബാധിച്ച് ചികിത്സ കാത്തു കഴിയുന്ന മലയാളി ദമ്പതികളുടെ അഞ്ചു മാസം പ്രായമായ മൽഖ റൂഹിയ്ക്കായി ബിരിയാണി ചലഞ്ച് നടത്തി പ്രവാസ ലോകത്ത് വേറിട്ട മാതൃക തീർത്ത് മലയാളി സോഷ്യൽ മീഡിയാ കൂട്ടായ്മയായ ‘ഖത്തർ മലയാളീസ്’. മേയ് 10, 24 തിയതികളിലായി രണ്ട് ഘട്ടങ്ങളിലായി നടത്തിയ ബിരിയാണി ചലഞ്ചിലൂടെ 12,000ത്തോളം ബിരിയാണി പൊതികൾ ആണ് രാജ്യത്താകമാനം ഖത്തർ മലയാളീസ് വിതരണം ചെയ്തത്. ഇതിന് പുറമെ ഗോൾഡ് ലൂപ്പ് ചലഞ്ച്, ക്യൂ ആർ കോഡ് കളക്ഷൻ എന്നിവ വഴി ആകെ 2.15 ലക്ഷം ഖത്തർ റിയാൽ ആണ് ചികിത്സാ ധനസഹായമായി ശേഖരിച്ചത്.
ഖത്തർ മലയാളീസ് ഫൈസ്ബുക് ഗ്രൂപ്പ് വഴി സേവന സന്നദ്ധരായ 200 ഓളം വളണ്ടിയർമാരുടെ നേതൃത്വത്തിലായിരുന്നു ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ബിരിയാണി എത്തിച്ചു കൊടുത്തത്. ലുസൈലിലുള്ള ഖത്തർ ചാരിറ്റിയുടെ ഓഫീസിൽ ഖത്തർ മലയാളീസ് പ്രതിനിധികളായ ബിലാൽ, സൗഭാഗ്യ,അബൂസ്, ഷാഫി, ഫസൽ, ഉബൈദ്, നിസാം, ബിൻഷാദ് എന്നിവർ നേരിട്ടെത്തിയാണ് തുക കൈമാറിയത്. ഖത്തർ ചാരിറ്റി സി. എം. ഒ അഹ്മദ് യൂസുഫ് ഫഖ്റു വിന് തുകയുടെ ചെക്ക് കൈമാറി.
എസ്. എം. എ ബാധിച്ച കുഞ്ഞിന്റെ ചികിത്സയ്ക്കായി ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിൽ 11.65 മില്യൺ ഖത്തർ റിയാലിന്റെ ധനസമാഹരണ യജ്ഞമാണ് നടക്കുന്നത്. നാഡികളെയും പേശികളെയും ഗുരുതരമായി ബാധിക്കുന്ന രോഗമാണ് എസ്.എം.എ. ടൈപ്പ് 1 ജീൻ റീപ്ലേസ്‌മെന്റ് തെറാപ്പിയടക്കമുള്ള ചികിത്സയാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്.
മരുന്നിനും വലിയ തുക ചെലവാകും. ചികിത്സ വൈകുന്നത് കുഞ്ഞിന്റെ ഭാവി ജീവിതം ദുരിതപൂർണ്ണമാക്കും. ഏറെ ചെലവേറിയ ചികിത്സ കുടുംബത്തിന് താങ്ങാനാവില്ല. ഇതോടെയാണ് ഖത്തറിലെ ഏറ്റവും വലിയ മലയാളി സോഷ്യൽ മീഡിയാ കൂട്ടായ്മയായ ഖത്തർ മലയാളീസ് ഖത്തർ ചാരിറ്റിയുടെ പിന്തുണയോടെ ഖത്തറിലെ ഇതര കൂട്ടായ്മകളെ പോലെ ചികിത്സാ ധനസഹായ ശേഖരണത്തിന് മുന്നിട്ടിറങ്ങിയത്. ഖത്തർ ചാരിറ്റിയുടെ ഓൺ ലൈൻ പോർട്ടലിൽ ഖത്തർ മലയാളീസ് വഴി വരുന്ന സഹായങ്ങളെ ഏകോപിപ്പിക്കാൻ ഇമ്പാക്റ്റ് എന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ഖത്തർ മലയാളീസ് ന് കീഴിൽ പ്രവർത്തിക്കുന്ന സംവിധാനമായ “ഫീഡ് എ ലൈഫ്” കോഡിനേറ്റേഴ്സിന്റെ നിസ്വാർത്ഥമായ പരിശ്രമവും സുമനസ്സുകളുടെ പിന്തുണയുമാണ് ഫണ്ട് സമാഹരണം വലിയ വിജയത്തിലേക്ക് എത്തിച്ചത്. വരും ദിവസങ്ങളിൽ വ്യത്യസ്ത രൂപത്തിൽ കൂടുതൽ തുക കണ്ടെത്താനുള്ള വിവിധ മാർഗങ്ങൾ പരിഗണനയിൽ ഉണ്ടെന്ന് ഖത്തർ മലയാളീസ് പ്രതിനിധി ബിലാൽ പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5