ദോഹ: ഖത്തറിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ എല്ലാ ഗവണ്മെന്റ് സേവനങ്ങളും ഓണ്ലൈൻ ആക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണെന്ന് ആഭ്യന്തര വകുപ്പ് പ്ലാനിംഗ് ആന്റ് ക്വാളിറ്റി വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ ഖാലിദ് അബ്ദുൽ അസീസ് അൽ മോഹനാദി അറിയിച്ചു. മെട്രാഷ് ആപ്പിലൂടെയുള്ള സേവനങ്ങൾ മിക്ക ഗവണ്മെന്റ് ഇടപാടുകളും ലളിതമാക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്. എല്ലാ സേവനങ്ങളും പേപ്പർ രഹിതമായി ഓണ്ലൈൻ ആക്കാനാണ് തങ്ങളുടെ പ്രഥമ സ്ട്രേറ്റജി എന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19 സൃഷ്ടിച്ച വെല്ലുവിളികൾ നേരിടാൻ ഈ ഡിജിറ്റലൈസേഷൻ സഹായിച്ചിട്ടുണ്ട്. ഖത്തർ റേഡിയോ പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“2011-16 കാലത്തെ ആദ്യഘട്ട ആസൂത്രണ പദ്ധതിയിൽ കുറ്റകൃത്യങ്ങൾ തടയാനും സുരക്ഷ ഉറപ്പുവരുത്താനുമായിരുന്നു ഞങ്ങൾ ശ്രമിച്ചത്. ജനങ്ങളുടെ ജീവനും സ്വത്തിനും ദ്രുതഗതിയിൽ സുരക്ഷ ഉറപ്പാക്കുന്ന സേവനങ്ങളും ഞങ്ങൾ രണ്ടാം ഘട്ടത്തിൽ ആവിഷ്കരിച്ചു.” വിവിധ ആഗോള സൂചികകളിൽ വിലയിരുത്തപ്പെടുന്ന വികസനമേഖലകളിൽ മുൻനിരക്കാരാവുക എന്നതും ഈ ഘട്ടത്തിന്റെ ഭാഗമായിരുന്നു, പരിപൂർണ്ണ ഡിജിറ്റലൈസേഷൻ എന്ന ആശയത്തെ പിന്തുണച്ച് കൊണ്ട് അദ്ദേഹം വിശദമാക്കി.