വ്യാവസായിക ഉത്പാദനത്തിൽ കുതിച്ചുചാട്ടത്തിൽ ഖത്തർ; വരും വർഷങ്ങളിൽ വൻ തൊഴിലവസരങ്ങൾ

ദോഹ: 2020 ന്റെ അവസാന പാദത്തിൽ മാത്രം ഖത്തർ ജിഡിപിയിൽ ഉത്പാദന മേഖലയുടെ പങ്ക് 1000 കോടി ഖത്തർ റിയാൽ. വ്യാപാര വ്യവസായ മന്ത്രാലയം ട്വിറ്റർ പേജിൽ പങ്കുവെച്ച കണക്കാണിത്. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പങ്കുവെച്ച ഇന്ഫോഗ്രാഫിക്സിലൂടെ ഖത്തറിൽ ഇക്കാലയളവിൽ പുതുതായി 16 ഫാക്ടറികൾ ആരംഭിച്ചതായും അറിയിച്ചു. തൊള്ളായിരത്തോളം ഫാക്ടറികളാണ് ഖത്തറിൽ നിലവിൽ പ്രവർത്തിക്കുന്നത്. 2019 നെ അപേക്ഷിച്ച് 6 ശതമാനത്തിന്റെ വർധനയാണിത്. 

വരും വർഷങ്ങളിൽ പ്രാദേശിക ഉത്പാദന മേഖലയിൽ വൻ കുതിച്ചു ചാട്ടത്തിനാണ് ഖത്തർ ലക്ഷ്യമിടുന്നതെന്ന് ഈയിടെ പ്രസിദ്ധീകരിച്ച ബിസിനസ് നിരീക്ഷക പഠിതാക്കളായ കെപിഎംജിയുടെ റിപ്പോർട്ട് സൂചിപ്പിച്ചിരുന്നു. ഇതിലൂടെ 2025-ഓടെ ഒരു ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാവുമെന്ന് കണക്കാക്കപ്പെടുന്നു.

ഇന്നലെ പ്രസിദ്ധീകരിച്ച 2021 ലെ ആദ്യപാദ ഇന്ഫോഗ്രാഫിക്‌സ് അനുസരിച്ച്, ഇൻഡസ്ട്രിയൽ മാനുഫാക്ച്വറിംഗ് പ്രൊഡക്ഷൻ ഇൻഡക്സ് 108.6 ഉം ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ ഇൻഡക്സ് 107.1 ഉമായി വർധിച്ചു. പെട്രോൾ അധിഷ്ഠിത സമ്പദ് വ്യവസ്ഥയിൽ നിന്ന് ടൂറിസവും കൃഷിയും ബാങ്കിംഗും ഫിൻടെക്കുമടങ്ങുന്ന സുസ്ഥിര സാമ്പത്തിക മാതൃകയിലേക്ക് ഖത്തറിന്റെ വൈവിധ്യവൽക്കരണം കൂടി പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. ഉത്പാദനമേഖലയുടെ വികാസം ഈ മാറ്റത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. 

Exit mobile version