ഖത്തറിൽ സ്‌കൂളുകൾ വീണ്ടും തുറക്കൽ; വ്യക്തത വരുത്താതെ മന്ത്രാലയം

ദോഹ: ഖത്തറിൽ പൂർണശേഷിയിൽ സ്‌കൂൾ ഓഫ്‌ലൈൻ ക്ളാസുകൾ വീണ്ടും തുടങ്ങുന്നത് സംബന്ധിച്ച് വ്യക്തത ഇല്ല. ഇന്ന് രാവിലെ വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷൻ അവരുടെ വെബ്‌സൈറ്റിൽ നിന്ന് ഉടൻ അപ്രത്യക്ഷമായതാണ് വിഷയത്തിൽ അവ്യക്തത തുടരാൻ കാരണമായത്. 

ജനുവരി 30 മുതൽ രാജ്യത്ത് നേരിട്ടുള്ള ക്ലാസുകൾ വീണ്ടും ആരംഭിക്കുന്നതായും ഇതിനായി വിദ്യാർത്ഥികൾ പാലിക്കേണ്ട പ്രതിവാര റാപ്പിഡ് ആന്റിജൻ ടെസ്റ്റ് അടക്കമുള്ള പ്രോട്ടോക്കോളുകളുമായിരുന്നു പ്രസ്തുത അറിയിപ്പ്.

എന്നാൽ അപ്‌ഡേറ്റ് മന്ത്രാലയം പിന്നീട് പിൻവലിച്ചു. ഇതിനെത്തുടർന്നു വിഷയത്തിലുള്ള റിപ്പോർട്ട് തങ്ങളും പിൻവലിക്കുന്നതായി ദേശീയ മാധ്യമമായ പെനിൻസുല പറഞ്ഞു. 

അപ്‌ഡേറ്റ് പിൻവലിക്കാനുള്ള കാരണമോ മറ്റു വിവരങ്ങളോ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

Exit mobile version