യുഎഇയെ എയറിൽ നിർത്തി ഖത്തർ സെമിയിൽ; പോരാടി ജയിച്ച് ടുണീഷ്യ

വെള്ളിയാഴ്ച അൽ ബയാത്ത് സ്റ്റേഡിയത്തിൽ നടന്ന ഫിഫ അറബ് കപ്പ് ഖത്തർ-യുഎഇ ക്വാർട്ടർ പോരാട്ടത്തിൽ ആദ്യാവസാനം ഏകപക്ഷീയമായ 5 ഗോളുകൾക്ക് യുഎഇയെ നിലംപരിശാക്കി ഖത്തറിന് സെമി ഫൈനലിലേക്ക് രാജകീയ എൻട്രി. 

കളി തുടങ്ങി ആറാം മിനിറ്റിൽ തന്നെ ഖത്തറിന്റെ അക്രം അഫീഫിന്റെ ഷോട്ട് യുഎഇയുടെ ഡിഫന്റർ അലി സൽമിൻ ക്ലിയർ ചെയ്യാൻ ശ്രമിക്കവേ തിരികെയെത്തി സ്വന്തം ഗോൾ വല കുലുക്കിയത് ഖത്തറിന് ലീഡ് നേടിക്കൊടുത്തു. തുടർന്നങ്ങോട്ടും പന്തിന് മേൽ ആധിപത്യം പുലർത്തിയ ഖത്തർ 28-ാം മിനിറ്റിൽ ലഭിച്ച പെനാൽട്ടി കിക്കിലൂടെ രണ്ടാമത്തെ ഗോളും സ്വന്തമാക്കി. അൽമോസ് അലി ആയിരുന്നു പന്ത് ഗോൾവല പായിച്ചത്. 34-ാം മിനിറ്റിൽ വിഎആർ ചെക്കിംഗിലൂടെ റഫറി വീണ്ടും അനുവദിച്ച പെനാൽട്ടി കിക്കും ഗോളാക്കാൻ ഖത്തറിന് (ബൗലം ഖൗഖി) കഴിഞ്ഞതോടെ യുഎഇക്ക് മുകളിൽ സര്വാധിപത്യം നേടാൻ ടീമിനായി. 

ഇത് യുഎഇയെ മാനസികമായി തളർത്തിയ വണ്ണം, 43-ാം മിനിറ്റിലും (അബ്ദുൽ അസീസ് ഹാതിം) എക്സ്ട്രാ ടൈമിലും (അൽമോസ് അലി) ഓരോ ഗോൾ വീതം നേടി 5-0 ന് ഭീമാകാരമായ സ്കോർനിലയിലായിരുന്നു ഖത്തർ ആദ്യപകുതി അവസാനിപ്പിച്ചത്. ആദ്യ പകുതിയുടെ അവസാനത്തോടെ മത്സരത്തിലുണ്ടായ ഏകപക്ഷീയത കളിയുടെ തീവ്രതയേയും ബാധിച്ചിരുന്നു.

എന്നാൽ മെല്ലെ തുടങ്ങിയ രണ്ടാം പകുതിയിൽ പന്ത് കയ്യടക്കുന്ന യുഎഇയേയും ആക്രമണ സ്വഭാവമില്ലാത്ത ഖത്തറിനെയുമാണ് കണ്ടത്. എങ്കിൽ പോലും ഖത്തറിന് ഒരു നിമിഷവും ചാഞ്ചല്യമുണ്ടാക്കാൻ സാധിക്കാത്ത യുഎഇയിൽ നിന്ന് 75ാം മിനിറ്റിൽ ഖത്തർ പന്ത് കയ്യടക്കാൻ ശ്രമിക്കുന്നതോടെ കളിക്ക് വീണ്ടും വേഗതയേറുകയും ഫലത്തിൽ പരിസമാപ്തി പ്രാപിക്കുകയും ചെയ്തു. 5-0 ത്തിന്റെ കൂറ്റൻ വിജയത്തോടെ ഖത്തർ സെമിയിലേക്ക് രാജകീയമായി പ്രവേശിച്ചു.

അതേസമയം, ഇന്ന് വൈകിട്ട് 7 ന് എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഒമാൻ ടുണീഷ്യ മത്സരത്തിൽ വാശിയേറിയ പോരാട്ടമാണ് കണ്ടത്. മൽസരത്തിൽ തുണീഷ്യ ഒമാനെ (2-1) പരാജയപ്പെടുത്തി അറബ് കപ്പിലെ ആദ്യ സെമി എൻട്രിയായി. 16-ാം മിനിറ്റിൽ തന്നെ സൈഫുദ്ദീന്‍ ജസിരിയുടെ ഗോളിലൂടെ ലീഡ് നേടിയ ട്യുണീഷ്യക്ക് തുടർന്ന് ഒമാനിൽ നിന്ന് ശക്തമായ പ്രത്യാക്രമണം തന്നെ നേരിടേണ്ടി വന്നു. അറുപത്തിയാറാം മിനിറ്റിൽ ഒമാന് സമനില പിടിക്കാനായെങ്കിലും 77ാം മിനിറ്റിൽ ക്യാപ്റ്റൻ യുസഫ് സാക്കിനിയുടെ ഹെഡർ തുണീഷ്യക്ക് വിജയഗോളായി.

ബുധനാഴ്ച നടക്കുന്ന സെമി ഫൈനലുകളിൽ, മൊറോക്കോ-അൾജീരിയ ക്വാർട്ടറിലെ വിജയിയെ ഖത്തറും, ജോർദാൻ-ഈജിപ്ത് മത്സരവിജയിയെ ട്യുണീഷ്യയും നേരിടും.

Exit mobile version