ഉപരോധ ശേഷം ആദ്യമായി കണ്ടുമുട്ടി ഖത്തർ അമീറും അബുദാബി കിരീടവകാശിയും

ഖത്തർ അമീർ ഷെയ്ഖ് തമീം അൽതാനി, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ചൈനയിൽ സൗഹൃദ ഭാഷണം നടത്തി. 2017 ലെ ഖത്തർ ഉപരോധത്തിന് ശേഷം ഇരുവരും ഇതാദ്യമായാണ് പരസ്പരം കണ്ടുമുട്ടുന്നത്.

2022 ബീജിംഗ് വിന്റർ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരു നേതാക്കളും. ശനിയാഴ്ച ചൈനീസ് പ്രസിഡന്റ് സംഘടിപ്പിച്ച പ്രത്യേക ലഞ്ചിനിടെയാണ് മിഡിലീസ്റ്റ്‌ നേതാക്കളുടെ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങിയത്.

ഇരുനേതാക്കളും അഭിവാദ്യം ചെയ്യുന്നതും സംസാരിക്കുന്നതുമായ ദൃശ്യങ്ങൾ വിവിധ യുഎഇ വെബ്‌സൈറ്റുകൾ പുറത്തുവിട്ടു. ഇവ കൂടാതെ മറ്റു ലോകനേതാക്കൾ തമ്മിലും അനൗദ്യോഗിക കൂടിക്കാഴ്ചയ്ക്ക് വിന്റർ ഒളിമ്പിക്‌സ് വേദി സാക്ഷിയായി.

ഗൾഫ് പ്രതിസന്ധി അവസാനിച്ച് ഒരു വർഷത്തിന് ശേഷവും യുഎഇ ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങളിൽ പൂർണ്ണ രമ്യതയിലെത്തിട്ടില്ലെന്നിരിക്കെയാണ് കൂടിക്കാഴ്ചയ്ക്ക് ശ്രദ്ധേയേറുന്നത്.

Exit mobile version