ഖത്തർ തെരഞ്ഞെടുപ്പ്: പരസ്യബോർഡുകൾ പ്രത്യക്ഷപ്പെട്ട് നിരത്തുകൾ, പ്രചാരണം തകൃതി

ദോഹ: ഖത്തറിന്റെ പ്രഥമ ഷൂറ കൗണ്സിൽ തെരഞ്ഞെടുപ്പിനായുള്ള പ്രചാരണപരിപാടികൾ സജീവം. സോഷ്യൽ മീഡിയക്ക് പുറമെ നിരത്തുകളിൽ പോസ്റ്ററുകളായും ബാനറുകളായും സ്ഥാനാർത്ഥികളുടെ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സ്ഥാനാർത്ഥികളുടെ പേര്, ചിത്രം, മത്സരിക്കുന്ന ഡിസ്ട്രിക്ട് നമ്പർ തുടങ്ങിയവ എടുത്തുകാട്ടുന്നവയാണ് പോസ്റ്ററുകൾ. 

മുൻസിപ്പാലിറ്റി വകുപ്പിന്റെ നിശ്ചിത നിബന്ധനകൾക്ക് അനുസൃതമായാണ് സ്ഥാനാർത്ഥികൾക്ക് പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ അനുവാദം നൽകുന്നത്. പരസ്യബോർഡുകൾ ആകൃതിയിലോ വലുപ്പത്തിലോ നിറത്തിലോ ഒന്നും ട്രാഫിക് ബോര്ഡുകളുമായോ മറ്റു ഔദ്യോഗിക സൈൻ ബോര്ഡുകളുമായോ സാമ്യം തോന്നിപ്പിക്കുന്നതാകരുത്. 

ക്ലബ് ഹാളുകളും യൂത്ത് സെന്ററുകളും അടക്കം പതിനാലോളം വേദികൾ സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിനായി സൗജന്യമായി വിട്ട് നൽകിയിട്ടുണ്ട്. എന്നാൽ നേരിട്ടുള്ള പ്രചാരണത്തേക്കാൾ സോഷ്യൽ മീഡിയ കാമ്പയിനാണ് കൂടുതൽ പ്രയോജനപ്രദം എന്നു വിശ്വസിക്കുന്ന സ്ഥാനാർത്ഥികളും നിരവധിയാണ്. ബുധനാഴ്ച മുതൽ തുടങ്ങിയ പ്രചാരണം പത്രങ്ങളിലൂടെയും ടിവി ചാനലുകളിൽ കൂടിയുമെല്ലാം പുരോഗമിക്കുന്നുണ്ട്. ഒക്ടോബർ 2 തെരഞ്ഞെടുപ്പിന് 24 മണിക്കൂർ മുൻപ് പരസ്യപ്രചാരണം അവസാനിക്കും.

ഖത്തറിന്റെ നിയമനിർമാണ സഭയായ ഷൂറ കൗണ്സിലിന്റെ 45 മണ്ഡലങ്ങളിൽ 30 എണ്ണത്തിലേക്കുള്ള പ്രതിനിധി തെരഞ്ഞെടുപ്പാണ് ചരിത്രത്തിലാദ്യമായി ഒക്ടോബർ 2 ന് നടക്കുന്നത്. 15 മണ്ഡലങ്ങളിലെ പ്രതിനിധികൾ അമീറിന്റെ തീരുമാനം ആയി തന്നെ തുടരും. 28 സ്ത്രീകൾ ഉൾപ്പെടെ 284 പേരാണ് മത്സരരംഗത്തുള്ളത്.

Exit mobile version