ഗാസയിൽ സ്‌കൂളിനു നേരെ ഇസ്രായേൽ നടത്തിയ ബോംബിങ്ങിനെ ശക്തമായി അപലപിച്ച് ഖത്തർ

ഗാസയിൽ പലായനം ചെയ്‌തവർക്ക് അഭയം നൽകിയിരുന്ന സ്‌കൂളിന് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയതിനെ ഖത്തർ സ്റ്റേറ്റ് ശക്തമായി അപലപിച്ചു. ആക്രമണത്തിൽ നിരവധി പേർ മരിക്കുകയും പലർക്കും പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. ഈ ആക്രമണത്തെ ഭയാനകമായ കൂട്ടക്കൊലയെന്നും പ്രതിരോധമില്ലാത്ത സിവിലിയൻമാർക്കെതിരായ ക്രൂരമായ കുറ്റകൃത്യമാണെന്നും ഖത്തർ വിശേഷിപ്പിക്കുന്നു, ഇത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം 2601 ൻ്റെ ലംഘനവുമാണെന്നും ഖത്തർ പറഞ്ഞു.

സ്‌കൂളുകൾക്കും അഭയകേന്ദ്രങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ച് യുഎൻ സ്വതന്ത്ര അന്വേഷകരെ വിനിയോഗിച്ച് അടിയന്തരമായി അന്വേഷിക്കണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം ശനിയാഴ്‌ച അന്താരാഷ്ട്ര സമൂഹത്തോട് [പ്രസ്‌താവനയിലൂടെ അഭ്യർത്ഥിച്ചു. കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങൾക്ക് പൂർണ സംരക്ഷണം നൽകണമെന്നും നിർബന്ധിതമായി കുടിയിറക്കുന്നതിൽ നിന്ന് അന്താരാഷ്ട്ര സമൂഹം ഇസ്രായേൽ സേനയെ തടയണമെന്നും ഖത്തർ ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര നിയമങ്ങൾ ഇസ്രായേൽ പാലിക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു.

കിഴക്കൻ ജറുസലേമിനെ തലസ്ഥാനമാക്കി, 1967ലെ അതിർത്തികളെ അടിസ്ഥാനമാക്കി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള പലസ്‌തീൻ ജനതയുടെ ആവശ്യത്തിനും അവരുടെ എല്ലാവിധ അവകാശങ്ങൾക്കും ശക്തമായ പിന്തുണ ഖത്തർ ആവർത്തിച്ചു.

Exit mobile version