വടക്കൻ ഗാസയിൽ ദുരിതമനുഭവിക്കുന്ന പലസ്‌തീൻ ജനതയെ സഹായിക്കാൻ ഭക്ഷണവും മറ്റ് അവശ്യവസ്‌തുക്കളുമായി 15 ട്രക്കുകൾ അയച്ച് ഖത്തർ റെഡ് ക്രസൻ്റ് സൊസൈറ്റി (ക്യുആർസിഎസ്).
ജോർദാൻ ഹാഷിമൈറ്റ് ചാരിറ്റി ഓർഗനൈസേഷനുമായി (ജെഎച്ച്‌സിഒ) ചേർന്നാണ് ഈ സഹായം അയച്ചതെന്ന് പ്രസ്താവനയിൽ ക്യുആർസിഎസ് പറഞ്ഞു. അവർ സംയുക്തമായി ചെയ്യുന്ന മാനുഷിക സഹായങ്ങളുടെ ഭാഗമാണിത്. ഈ വർഷമാദ്യം ക്യുആർസിഎസും ജെഎച്ച്സിഒയും ചേർന്ന് മുപ്പത്തിയെട്ടു ട്രക്കുകൾ പലസ്‌തീൻ ജനതക്ക് സഹായവുമായി അയച്ചിരുന്നു.
ഗാസയിൽ സംഘർഷം ആരംഭിച്ചതു മുതൽ, ക്യുആർസിഎസ് 116 വിമാനങ്ങൾ വിവിധ ദുരിതാശ്വാസ വസ്‌തുക്കളുമായി അയച്ചു, ഒരു ഖത്തറി സഹായ കപ്പലും സഹായവുമായി പോയിരുന്നു. ഇതിലൂടെ ഗാസയ്ക്ക് ഏകദേശം 4,766 ടൺ സഹായം നൽകി. QRCS ഫീൽഡ് ടീമുകൾ 32 അടിയന്തര പ്രവർത്തനങ്ങൾ നടത്തി, ഏകദേശം 1.7 ദശലക്ഷം ആളുകളെ സഹായിച്ചു.