നിരാശജനകം, പിന്തിരിപ്പൻ, താലിബാനെതിരെ ഖത്തർ 

ദോഹ: പെണ്കുട്ടികളുടെ വിദ്യാഭ്യാസ വിഷയത്തിൽ താലിബാൻ നീക്കം നിരാശജനകവും പിന്തിരിപ്പനുമാണെന്നു ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ്‌ ബിൻ അബ്ദുൾ റഹ്മാൻ അൽ ഥാനി. ഒരു ഇസ്ലാമിക സംവിധാനം നടത്തിക്കൊണ്ടുപോകേണ്ടത് എങ്ങനെയെന്ന് ഖത്തറിനെ കണ്ടുപഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ നയ മേധാവിയായ ജോസഫ് ബോറലുമൊത്ത് വ്യാഴാഴ്ച ദോഹയിൽ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ഖത്തര്‍ മന്ത്രി താലിബാനെതിരെ വിമർശനം ഉന്നയിച്ചത്.

അഫ്ഗാനില്‍ സെക്കന്ററി സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം താലിബാൻ തുടരാന്‍ അനുവദിക്കാതിരുന്നതിന്റെ സൂചനയിലാണ് ഷെയ്ഖ് മുഹമ്മദദിന്റെ പരാമർശം. താലിബാന്റെ സമീപകാല നടപടികൾ നിരാശപ്പെടുത്തുന്നതും പിന്തിരിപ്പൻ കാൽവെപ്പുമാണെന്നു ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഇത്തരം പ്രവർത്തികൾ ചെയ്യാതിരിക്കാൻ നാം അവരെ നിർബന്ധിക്കേണ്ടതുണ്ട്.

മുസ്ലിം രാഷ്ട്രങ്ങൾ എങ്ങനെയാണ് വർത്തിക്കേണ്ടത്, അവരുടെ നിയമങ്ങൾ എങ്ങനെയാണ് നടപ്പാക്കേണ്ടത്, സ്ത്രീകളുടെ പ്രശ്നങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നൊക്കെ താലിബാന് കാണിച്ചുകൊടുക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും ഖത്തർ മന്ത്രി പറഞ്ഞു. 

“അതിന്റെ മുഖ്യമായ ഉദാഹരണം ഖത്തറാണ്. ഞങ്ങൾ ഒരു ഇസ്ലാമിക സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ നമുക്ക് തൊഴിൽ മേഖലയിലും ഭരണത്തിലും വിദ്യാഭ്യാസത്തിലും പുരുഷൻമാരേക്കാൾ കൂടുതൽ സ്ത്രീകളാണ്,” ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

ഭൂതകാലങ്ങളിൽ അഫ്‌ഗാൻ ആർജ്ജിച്ച നേട്ടങ്ങൾ സംരക്ഷിക്കണമെന്ന് താലിബാനോട് ആവശ്യപ്പെട്ട ഷെയ്ഖ് മുഹമ്മദ് അന്താരാഷ്ട്ര സമൂഹം അഫ്‌ഗാനെ ഒറ്റപ്പെടുത്തരുതെന്നും അഭ്യർത്ഥിച്ചു. 

അഫ്‌ഗാനിലെ യുഎസ് പിന്മാറ്റം മുതൽ കഴിഞ്ഞ മാസങ്ങളിലുണ്ടായ കൂട്ട അഭയാർത്ഥി ഒഴിപ്പിക്കൽ വരെയുള്ള നീക്കങ്ങളിൽ മുഖ്യ സഹായവും മധ്യസ്ഥതയും വഹിച്ച രാജ്യമായിരുന്നു ഖത്തർ. എന്നാൽ അഫ്‌ഗാനിൽ താലിബാൻ അധികാരമേറ്റ സമീപ ആഴ്ചകളിൽ തന്നെ കനത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് ഖത്തർ ഉപപ്രധാനമന്ത്രിയുടെ വിമർശനം.

Exit mobile version