ദോഹ: ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളിൽ ഖത്തറിൽ നിന്നുള്ള മലയാളികളും. ഖാർകിവ് സർവകലാശാലയിൽ പഠിക്കുന്ന ദോഹ പ്രവാസികളായ 23 ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾ കഴിഞ്ഞ നാല് രാത്രികളായി ബങ്കറുകളിലാണുള്ളതെന്ന് ‘പെനിൻസുല ഖത്തർ’ റിപ്പോർട്ട് ചെയ്തു.
താനും മറ്റ് 131 വിദ്യാർത്ഥികളും മിർ ഹോട്ടൽ ബങ്കറിൽ അതീവ ഗുരുതരാവസ്ഥയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് പെനിൻസുലയുമായി ഫോണിൽ ബന്ധപ്പെട്ട ഖാർകിവ് നാഷണൽ യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വർഷ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി ദുവാ ഖദീജ അറിയിച്ചു. സുരക്ഷാ കാരണങ്ങളാൽ പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം.
ഖാർകിവിൽ നിന്ന് ഏറ്റവും അടുത്തുള്ള അതിർത്തിയിലെത്താൻ ഏഴ് മണിക്കൂറെങ്കിലും എടുക്കും. സുരക്ഷ ഉറപ്പില്ലാത്തതിനാൽ യാത്ര സാധ്യമല്ല.
“ഞങ്ങളെ ഉടൻ ഒഴിപ്പിക്കുമെന്ന പ്രതീക്ഷയോടെയാണ് ബങ്കറിനുള്ളിൽ ഇരിക്കുന്നത്. എല്ലാവരും ഭീതിയിലാണ്. ചിലർക്ക് അലർജിയും കടുത്ത തണുപ്പും കാരണം മൂക്കിൽ നിന്ന് രക്തസ്രാവം അനുഭവപ്പെടുന്നു,” ദുവ പറഞ്ഞു.
“ബങ്കറിൽ നിൽക്കാൻ സ്ഥലമില്ല. ടോയ്‌ലറ്റിൽ പോലും പോകാൻ പറ്റുന്നില്ല. ഇന്ന് രാവിലെ ഫ്രഷ് ആവാൻ ഹോസ്റ്റലിൽ പോകാൻ അനുവദിച്ചു,” ഭക്ഷണം നൽകുന്നുണ്ടെന്നും ദുവ പറഞ്ഞു.
ഖാർകിവ് സർവകലാശാലയിലെ ഹോസ്റ്റൽ ബങ്കറിൽ കുടുങ്ങിക്കിടക്കുന്നവരിൽ ഫാത്തിമ ഷർബീൻ, റിയ, ഹിബ തുടങ്ങിയ പ്രവാസി മലയാളി വിദ്യാർത്ഥിനികൾ ഉൾപ്പെടുന്നു.
യുദ്ധമേഖലയിൽ കുടുങ്ങിയ വിദ്യാർത്ഥികളുടെ ആശങ്ക രക്ഷിതാക്കൾ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി സംസാരിച്ചിട്ടുണ്ട്.
ഉക്രെയ്നിന്റെ കിഴക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഖാർകിവിൽ നിന്ന് റൊമാനിയ, ഹംഗറി, പോളണ്ട് എന്നിവയുടെ തെക്ക്-പടിഞ്ഞാറൻ അതിർത്തികളിലേക്കുള്ള യാത്ര സുരക്ഷിതമല്ലെന്ന് മന്ത്രി പറഞ്ഞു. ഉക്രെയ്നിലെ ഇന്ത്യൻ എംബസിയിൽ നിന്ന് കൂടുതൽ നിർദ്ദേശങ്ങൾ ലഭിക്കുന്നതുവരെ അവർ എവിടെയാണോ അവിടെ തന്നെ തുടരാനാണ് മന്ത്രിയുടെ നിർദ്ദേശം.
ദോഹയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ അവരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ പങ്കിടുന്നുണ്ട്.
“ഖാർകിവിൽ നിന്നുള്ള വിദ്യാർത്ഥികളെ ഒഴിപ്പിക്കാനുള്ള ഏറ്റവും എളുപ്പ മാർഗം റഷ്യ വഴിയാണ്. എന്നാൽ യുക്രെയ്നിൽ നിന്നും റഷ്യയിൽ നിന്നും മതിയായ സുരക്ഷാ അകമ്പടി ഇല്ലാതെ അതിർത്തി കടക്കുന്നത് അപകടകരമാണ്.”
“തെക്ക്-പടിഞ്ഞാറ് റൊമാനിയൻ അതിർത്തിയും പടിഞ്ഞാറ് പോളണ്ട്, ഹംഗറി, സ്ലൊവാക്യ എന്നിവയുമാണ് ബദൽ റൂട്ടുകൾ. ഇവ കാർഖിവിൽ നിന്ന് വളരെ അകലെയുമാണ്,” മകന്റെ സന്ദേശം ഉദ്ധരിച്ച് ഒരു രക്ഷിതാവ് പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം രാവിലെ ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിൽ നിന്ന് 240 വിദ്യാർത്ഥികളുമായി മൂന്നാമത്തെ ഇന്ത്യൻ വിമാനം ഡൽഹിയിലെത്തി.
റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നിന്ന് മുംബൈയിലേക്ക് തിരിച്ച 219 പേരടങ്ങുന്ന ആദ്യ വിമാനത്തോടെയാണ് ‘ഓപ്പറേഷൻ ഗംഗ’ എന്ന് പേരിട്ട ഇന്ത്യയുടെ ഇവാക്വേഷൻ ദൗത്യം ശനിയാഴ്ച ആരംഭിച്ചത്. ആകെ ഒഴിപ്പിച്ചവരുടെ എണ്ണം രണ്ടായിരത്തിലും താഴെയായി തുടരുകയാണ്.
ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ അസ്വസ്ഥജനകമായ വിഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്, ഉക്രേനിയൻ സൈന്യം തങ്ങളെ മർദിച്ചെന്നും രാജ്യം വിടാതെ തടഞ്ഞുവെന്നും ചിലർ പരാതിപ്പെടുന്നു.
ഉക്രെയ്നിലെ വിദ്യാഭ്യാസ, ശാസ്ത്ര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇന്ത്യയിൽ നിന്നുള്ള 18,000-ത്തിലധികം വിദ്യാർത്ഥികൾ രാജ്യത്ത് പഠിക്കുന്നു. വലിയൊരു വിഭാഗം കേരളത്തിൽ നിന്നുള്ളവരാണ്.
അതേസമയം, മലയാളികൾക്ക് ബന്ധപ്പെടാനും നാട്ടിലെത്താനുള്ള സഹായം ഒരുക്കാനും പ്രവാസികൾക്കായി ഖത്തറിലെ കൾച്ചറൽ ഫോറം ഹെൽപ്ഡെസ്ക് ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 7020 7018, 7777 4746 എന്നീ ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.