ഖത്തറിനെ കുറിച്ചുള്ള ഇസ്രയേൽ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ ഞെട്ടിച്ചു – ഖത്തർ വിദേശകാര്യ വക്താവ്

ഇസ്രായേൽ-പലസ്തീൻ വിഷയത്തിൽ ഖത്തറിന്റെ മധ്യസ്ഥ പങ്കിനെക്കുറിച്ച്, വിവിധ മാധ്യമ റിപ്പോർട്ടുകളിൽ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തിയ അഭിപ്രായ പ്രകടനങ്ങൾ ഖത്തർ ഭരണകൂടത്തെ ഞെട്ടിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.  

“ഈ പരാമർശങ്ങൾ സത്യമാണെങ്കിൽ നിരുത്തരവാദപരവും നിരപരാധികളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളെ ഇല്ലാതാക്കുന്നതുമാണ്. എന്നാൽ അതിൽ അതിശയിക്കാനില്ല,” അൽ അൻസാരി എക്‌സിൽ പറഞ്ഞു.

 “കഴിഞ്ഞ വർഷം നൂറിലധികം ബന്ദികളെ മോചിപ്പിക്കാൻ കാരണമായ വിജയകരമായ മധ്യസ്ഥതയെത്തുടർന്ന് മാസങ്ങളായി ഖത്തർ, ഇസ്രായേൽ ഉൾപ്പെടെയുള്ള കക്ഷികളുമായി പതിവായി സംഭാഷണത്തിൽ ഏർപ്പെട്ടിരുന്നു. പുതിയ ബന്ദി ഉടമ്പടി സ്ഥാപിക്കാനും ഗാസയിലേക്കുള്ള മാനുഷിക സഹായത്തിന്റെ പ്രവേശനത്തിന് വേണ്ടിയുമായിരുന്നു ഈ ചർച്ചകൾ” അദ്ദേഹം തുടർന്നു.

“റിപ്പോർട്ട് ചെയ്ത പരാമർശങ്ങൾ ശരിയാണെന്ന് കണ്ടെത്തിയാൽ, ഇസ്രായേൽ പ്രധാനമന്ത്രി, ഇസ്രായേലി ബന്ദികൾ ഉൾപ്പെടെയുള്ള നിരപരാധികളുടെ ജീവൻ രക്ഷിക്കുന്നതിന് മുൻഗണന നൽകുന്നതിനുപകരം, തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ മാത്രം നേട്ടത്തിന് വേണ്ടി, മധ്യസ്ഥ പ്രക്രിയയെ തടസ്സപ്പെടുത്തുകയും തുരങ്കം വയ്ക്കുകയും ചെയ്യുകയേയുള്ളൂ”, അൽ അൻസാരി കൂട്ടിച്ചേർത്തു.

“അമേരിക്കയുമായുള്ള ഖത്തറിന്റെ തന്ത്രപരമായ ബന്ധത്തെക്കുറിച്ച് സ്വയം ആശങ്കപ്പെടുന്നതിനുപകരം, നല്ല വിശ്വാസത്തോടെ പ്രവർത്തിക്കാനും ബന്ദികളെ മോചിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നെതന്യാഹു തീരുമാനിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” MoFA ഔദ്യോഗിക വക്താവ് ഉപസംഹരിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Exit mobile version