ഒമിക്രോൺ ഭീതി: 5 രാജ്യങ്ങളിൽ നിന്ന് യാത്രക്കാരെ സ്വീകരിക്കില്ലെന്നു ഖത്തർ എയർവേയ്‌സ്

പുതിയ കോവിഡ് വകഭേദമായ ഒമിക്രോൺ ഭീതി വ്യാപിക്കവേ ഖത്തർ എയർവേയ്‌സ് സർവീസ് നിർത്തുന്ന രാജ്യങ്ങളുടെ എണ്ണം അഞ്ചായി. അംഗോള, സാംബിയ എന്നീ 2 രാജ്യങ്ങളിൽ നിന്നും യാത്രക്കാരെ സ്വീകരിക്കില്ലെന്നു എയർവേയ്‌സ് അറിയിച്ചു. നേരത്തെ, സൗത്ത് ആഫ്രിക്ക, സിംബാബ്‌വേ, മൊസാംബിക്ക് എന്നീ രാജ്യങ്ങളിൽ നിന്ന് എയർലൈൻ സർവീസ് നിർത്തിയിരുന്നു.

അതേസമയം, നിലവിലെ നിയന്ത്രണങ്ങൾക്ക് അനുസൃതമായി സാംബിയയും അംഗോളയും ഉൾപ്പെടെ ഈ രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാരെ ഇപ്പോഴും ഖത്തർ എയർവേയ്‌സ് കൊണ്ടുവിടുമെന്നും കമ്പനി അറിയിച്ചു.

അംഗോളയിലെ ലുവാണ്ട (LAD); മൊസാംബിക്കിലെ മാപുട്ടോ (MPM); ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗ് (JNB), കേപ്ടൗൺ (CPT), ഡർബൻ (DUR); സാംബിയയിലെ ലുസാക്ക (LUN); സിംബാബ്‌വെയിലെ ഹരാരെ (HRE) എന്നീ 7 സ്ഥലങ്ങളിൽ നിന്ന് ഖത്തർ എയർവേയ്‌സ് വിമാനങ്ങളിൽ ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാരെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്വീകരിക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

 “ഈ മാറ്റങ്ങൾ ബാധിക്കുന്ന യാത്രക്കാർ കൂടുതൽ സഹായത്തിനായി ഖത്തർ എയർവേയ്‌സിൽ വിളിക്കുകയോ ഞങ്ങളുടെ ട്രാവൽ ഏജന്റുമായി സംസാരിക്കുകയോ ചെയ്യണം,” ഖത്തർ എയർവേയ്‌സ് ട്വീറ്റ് ചെയ്തു.

ഉടനടി പ്രാബല്യത്തിലാകുന്നതാണ് തീരുമാനങ്ങളെന്നും, പുതിയ വിവരങ്ങൾ ലഭ്യമാകുന്നതിന്റെ അടിസ്ഥാനത്തിൽ തങ്ങൾ ദൈനംദിന സ്ഥിതിഗതികൾ അവലോകനം ചെയ്യുകയാണെന്നും എയർലൈൻ ട്വിറ്ററിൽ പറഞ്ഞു.

Exit mobile version