ഖത്തറിലെ വായു ഇനി കൂടുതൽ സംശുദ്ധം; എയർ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനുകൾ കൂട്ടുന്നു

2022-ഓടെ ഖത്തറിലെ എയർ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനുകളുടെ എണ്ണം 50 ആയി ഉയർത്തുമെന്ന് പരിസ്ഥിതി നിരീക്ഷണ, ലബോറട്ടറി വകുപ്പിനെ പ്രതിനിധീകരിച്ച് മുനിസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയം (MME) അറിയിച്ചു. വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനുള്ള നാഷണൽ നെറ്റ്വർക്കിനെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുകയും, ഡാറ്റ വിശകലനം ചെയ്യുന്നതിനും രാജ്യത്തുടനീളമുള്ള വായു മലിനീകരണത്തിന്റെ ഉറവിടങ്ങൾ നിർണ്ണയിക്കുന്നതിനും നെറ്റ്‌വർക്ക് ഉപയുക്തമാക്കുകയും ചെയ്യുമെന്ന് മന്ത്രാലയം പറയുന്നു.

വകുപ്പിന്റെ സേവനങ്ങളും നേട്ടങ്ങളും പരിചയപ്പെടുത്തുന്നതിനായി മന്ത്രാലയത്തിന്റെ പരിസ്ഥിതി വിഭാഗം ഇന്നലെ സംഘടിപ്പിച്ച മീഡിയ ഇന്ററാക്ടീവ് സെഷനിൽ മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം ഉദ്യോഗസ്ഥർ നെറ്റ്‌വർക്കിനെയും സ്റ്റേഷനെയും കുറിച്ച് വ്യക്തത വരുത്തി. 

2022 ഫിഫ ഖത്തർ ലോകകപ്പിലെ സ്റ്റേഡിയങ്ങൾക്കും പരിശീലന സ്ഥലങ്ങൾക്കും ചുറ്റുമുള്ള വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനുള്ള ഒരു സമഗ്ര പദ്ധതി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ സഹകരണത്തോടെ നടപ്പാക്കുന്നതായി മന്ത്രാലയത്തിന്റെ പരിസ്ഥിതി നിരീക്ഷണ, ലബോറട്ടറി വകുപ്പ് ഡയറക്ടർ ഹസ്സൻ അലി അൽ ഖാസിമി പറഞ്ഞു.

ഇത് പ്രകാരം, ഖത്തർ സർവകലാശാലയിലെ പരിശീലന ഗ്രൗണ്ടിന് സമീപമുള്ള അത്യന്താധുനിക എയർ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷൻ പ്രവർത്തനക്ഷമമാക്കുകയും ദേശീയ വായു ഗുണനിലവാര നിരീക്ഷണ നെറ്റ്വർക്കുമായി ബന്ധിപ്പിക്കുകയും ചെയ്തു. കൂടാതെ, അൽ വക്രയിലെ അൽ ജനൂബ് സ്റ്റേഡിയത്തിലും അൽ തുമാമ സ്റ്റേഡിയത്തിലും രണ്ട് എയർ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയും ഉടൻ തന്നെ നെറ്റ്‌വർക്കുമായി ബന്ധിപ്പിക്കുമെന്നും അൽ ഖാസിമി പറഞ്ഞു.

Exit mobile version