ഖത്തറിൽ മരുന്നുകൾ കൊണ്ടു വരുന്നതിനുള്ള നിയന്ത്രണങ്ങളെ കുറിച്ച് അധികൃതരിൽ നിന്നും മാധ്യമങ്ങളിലൂടെയും നിരന്തരമായ മുന്നറിയിപ്പുകൾ പതിവാണ്. എന്നാൽ അറിവില്ലായ്‌മ കൊണ്ടോ അനാസ്ഥ കൊണ്ടോ പിന്നെയും അബദ്ധം ആവർത്തിക്കുന്നവരും കുറവല്ല. കഴിഞ്ഞ ആഴ്ചയും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയവരിൽ നിന്ന് അനുവദനീയമല്ലാത്ത മരുന്നുകൾ പിടികൂടിയ പശ്ചാത്തലത്തിൽ വീണ്ടുമൊരു ഓർമപ്പെടുത്തലാവുകയാണ് ഖത്തർ മലയാളീസ് ഗ്രൂപ്പിൽ Nizar Cheruvath എന്നയാൾ പങ്കുവെച്ച പോസ്റ്റ്.
ആരോഗ്യപ്രവർത്തകൻ കൂടിയായ അദ്ദേഹം ഇത്തരത്തിൽ ഡോക്ടറെ കാണാതെ ഒരേ പ്രിസ്ക്രിപ്ഷനിൽ മരുന്ന് വാങ്ങിക്കഴിക്കുന്നതിന്റെ ദൂഷ്യഫലവും വ്യക്തമാക്കുന്നു.
“അടുത്ത് എത്തിയാൽ മാത്രമേ വിശ്വസിക്കൂ എന്നത് നമ്മളിൽ പലരുടെയും ഒരു ശീലമാണ്.
ഇക്കഴിഞ്ഞ ദിവസങ്ങളിലും ദോഹ ഹമദ് എയർപോർട്ടിൽ വന്നിറങ്ങിയ ഇന്ത്യയിൽ നിന്നടക്കമുള്ള യാത്രക്കാരിൽ നിന്നും ഇവിടെ നിരോധിച്ച മരുന്നുകളും അനുവദിച്ചതിന്റെ അളവിൽ കൂടുതൽ കയ്യിൽ കരുതിയ സ്ഥിരമായി കഴിക്കുന്ന മരുന്നുകളും അധികൃതർ പിടികൂടി, തുടർന്നുണ്ടാകുന്ന നിയമനടപടികളെ കുറിച്ച് എല്ലാവർക്കും ബോധ്യമുണ്ടെന്ന് കരുതുന്നു.
ഈ രാജ്യത്ത് നാം വസിക്കുമ്പോൾ ഇവിടുത്തെ നിയമങ്ങൾ അനുസരിക്കാൻ നാം എവരും ബാധ്യസ്ഥരാണ്.
Lyrica, Tramadol, Alprazolam, Diazepam, Zolam, clonazepam, zolpiderm, codeine, methadone & pregabalin etc…. നിരോധിച്ച മുഴുവൻ മരുന്നുകളുടെയും ലിസ്റ്റ് Indian Embassy വെബ്സൈറ്റിൽ ലഭ്യമാണ്.
മുകളിൽ കൊടുത്ത പല മരുന്നുകളും നാട്ടിൽ പലപ്പോഴും പ്രിസ്ക്രിപ്ഷൻ പോലും വേണ്ടാതെ ലഭിക്കുന്നു എന്നതാണ് പലരും ഇതിനെ ലളിതമായി കാണാൻ കാരണം.
ജീവിത ശൈലി രോഗങ്ങൾക്കും മറ്റും സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ കൊണ്ട് വരാൻ പറ്റുന്നത് നിയമപരമായി 30 ദിവസത്തേക്ക് മാത്രമാണ് അതും സ്വന്തം പേരിലുള്ള കൃത്യമായ പ്രിസ്ക്രിപ്ഷനോട് കൂടെ മാത്രം. പലരും 6 മാസത്തേക്ക് വരെ മരുന്നുകൾ കൊണ്ട് വരുന്നു എന്നതും പലപ്പോഴും മറ്റുള്ളവരുടെ മരുന്നുകൾ കൊണ്ട് വരുന്നു എന്നതും പ്രത്യേകിച്ച് മലയാളികൾക്ക് ഇടയിൽ സാധാരണമാണ്, ഒരു നാൾ അവരും പിടിക്കപ്പെട്ടേക്കാം, ഇന്ത്യൻ എംബസിയും ഇതുമായി ബന്ധപ്പെട്ട് ഇടക്കിടക്ക് മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കാറുണ്ട്.
ഏകദേശം 2 വർഷങ്ങൾക്ക് മുമ്പ് കോവിഡിന്റെ ആദ്യ വേവിൽ ഞാനും ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചിരുന്നു, ഒരു പക്ഷേ നിങ്ങളിൽ പലരും കണ്ടിട്ടുണ്ടാവാം.
ഇതിന്റെ ഉള്ളടക്കം ഇതായിരുന്നു:-
മലയാളികൾക്കിടയിൽ പൊതുവേ കണ്ട് വരുന്ന ശീലമാണ് ഡോക്ടറെ കാണിക്കാതെ ബ്ലഡ് ചെക്ക് ചെയ്യാതെ വർഷങ്ങളോളം ഒരേ പ്രിസ്ക്രിപ്ഷനിൽ മരുന്ന് വാങ്ങി കഴിക്കുക എന്നത്. ഇതിന്റെ ഫലമായി പ്രമേഹവും പ്രഷറും മറ്റ് അസുഖങ്ങളും കൂടി പിന്നീട് ഖത്തറിലെ വിവിധ ക്ലിനിക്കുകളിൽ എത്തുന്നവർ, തുടർന്നുള്ള പരിശോധനകളിൽ രോഗം മൂർച്ചിച്ച് മരുന്നുകൾ പോലും ഏൽക്കില്ല എന്നറിയുമ്പോൾ സങ്കടപ്പെടുന്നവർ, ഞങ്ങൾ ആരോഗ്യ പ്രവർത്തകർ ദൈനം ദിനം കാണുന്ന കാഴ്ച്ച.
യഥാർത്ഥത്തിൽ ഖത്തറിലെ ആരോഗ്യ സംവിധാനത്തിൽ ഇതിനെല്ലാം പരിഹാരമുണ്ട്. ആയിരക്കണക്കിന് രോഗികൾ ദിവസേന മരുന്നുകൾ വാങ്ങാൻ എത്താറുണ്ട്, നാട്ടിൽ നിന്ന് മരുന്നുകൾ കൊണ്ട് വരേണ്ടതില്ല.”
Nizar Cheruvath
QATAR MALAYALEES ഖത്തർ മലയാളീസ്