ദോഹ: ഖത്തറിൽ സിബിഎസ്ഇ പാഠ്യപദ്ധതിയിലുള്ള ഇന്ത്യൻ സ്കൂളായ പേൾ സ്‌കൂളിന്റെ മൂന്നാമത്തെ ക്യാംപസ് തുറന്നു. അൽ മെഷാഫിലെ ഉമ്മ് ബെഷറിലാണ് 2000 വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള പുതിയ ക്യാംപസായ പേൾ മോഡേണ് സ്‌കൂൾ തുറന്നത്. 2013 ൽ അൽ തുമാമയിലും വെസ്റ്റ് ബെയിലുമായാണ് പേൾ സ്‌കൂളിന്റെ ആദ്യ രണ്ട് ക്യാമ്പസുകൾ ആരംഭിച്ചത്.
23,000 സ്ക്വയർ ഫിറ്റ് വിസ്തൃതിയുള്ള പേൾ മോഡേണ് സ്‌കൂളിൽ 90 ക്ലാസ് മുറികളാണുള്ളത്. ഇതിൽ 16 എണ്ണം കിൻഡർഗാർട്ടൻ വിഭാഗത്തിൽ ചെറിയ കുട്ടികൾക്ക് വേണ്ടിയുള്ളതാണ്.
ഇതിന് പുറമെ, കല, സംഗീതം, നൃത്തം, റോബോട്ടിക്‌സ് അടക്കമുള്ള സാങ്കേതികപരിചയം മുതലായവക്കായി 40 ക്ളാസ്മുറികൾ പ്രത്യേകം പ്രവർത്തിക്കും. വിവിധ പ്രായവിഭാത്തിലുള്ള വിദ്യാർത്ഥികൾക്കായി പ്രത്യേകം തയ്യാറാക്കിയ ഉന്നത സാങ്കേതിനിലവാരമുള്ള സ്മാർട്ട് റൂമുകളാണ് എല്ലാ ക്ളാസ്മുറികളും.
മികച്ച പുസ്തകശേഖരമുള്ള രണ്ട് ലൈബ്രറികളും എല്ലാ ശാസ്ത്ര വിഷയങ്ങൾക്കുമായി ലോകനിലവാരത്തിലുള്ള ലാബുകളും സ്കൂളിലുണ്ട്.
ഫിറ്റ്നസ് ക്ലബ്, ഇൻഡോർ സ്വിമ്മിംഗ് പൂൾ, ടെന്നീസ്-ബാഡ്മിന്റൺ കോർട്ടുകൾ, ഫുട്‌ബോൾ കോർട്ട് എന്നിങ്ങനെ വിദ്യാർത്ഥികളെ എല്ലാത്തരം കായിക പരിശീലനത്തിലേക്കും ഉയർത്തിക്കൊണ്ട് വരാനാവശ്യമായ സൗകര്യങ്ങളും സ്‌കൂളിന്റെ പ്രത്യേകതയാണ്. അധ്യാപക പരിശീലനത്തിനായി പ്രത്യേകം റിസോഴ്‌സ് സെന്ററും സ്‌കൂൾ കെട്ടിടത്തിൽ പ്രവർത്തിക്കും.
2021-22 അധ്യയന വർഷം മുതൽ സ്‌കൂളിൽ പഠനം ആരംഭിക്കും. കെജി വിഭാഗം മുതൽ പതിനൊന്നാം തരം വരെ ഇത് വരെ നാന്നൂറോളം വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ അഡ്മിഷൻ ലഭിച്ച് കഴിഞ്ഞതായി മാനേജ്‌മെന്റ് അറിയിച്ചു.
നേരത്തെ നിലവിലുള്ള അതേ ഫീ സ്ട്രക്ച്ചർ തന്നെയാണ് പുതിയ സ്‌കൂളിലും തുടരുക. കൂടുതൽ മികച്ച അഫിലിയേഷനൊപ്പം കായികമേഖലയിലും മറ്റും കൂടുതൽ ഇൻഫ്രാസ്ട്രക്ചർ വികസനവും സാധ്യമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും മാനേജ്മെന്റ് അറിയിച്ചു.