ഇന്ത്യക്കാരുടെ ഓണ്-അറൈവൽ വീസ എക്സ്റ്റൻഷൻ നിർത്തിയോ? സത്യാവസ്ഥ എന്ത്?

ദോഹ: നവംബർ 11 ന് ശേഷം ഖത്തറിൽ ഇന്ത്യക്കാർക്ക് ഓണ് അറൈവൽ വീസ എക്സ്റ്റന്റ് ചെയ്യാൻ സാധിക്കില്ലെന്ന രീതിയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതം. ഇത് സംബന്ധിച്ച് ഏറ്റവും പുതിയ ഔദ്യോഗിക അറിയിപ്പുകൾ ഒന്നും തന്നെ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഈ ദിവസത്തിന് ശേഷവും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ‘വീസ-ഫ്രീ’ അടുത്ത 30 ദിവസത്തേക്ക് കൂടി നീട്ടാൻ ഇന്ത്യക്കാർക്കുൾപ്പടെ സാധിക്കുന്നുണ്ട്.

നേരത്തെ സൈബറിടങ്ങളിൽ പ്രചരിച്ച വാർത്ത റിപ്പോർട്ട് 2018 നവംബർ മാസത്തിലേതാണ്. 2018 നവംബർ 11 മുതൽ താത്ക്കാലികമായി മാറിയിരുന്ന പ്രസ്തുത നയം ഇപ്പോൾ പ്രാബല്യത്തിലില്ല. പഴയ വാർത്ത ഉപയോഗിച്ചുള്ള തെറ്റിദ്ധരിപ്പിക്കൽ വ്യാപകമായതോടെ, പെനിൻസുല ഖത്തർ എന്ന പ്രസ്തുത മാധ്യമവും വാർത്ത 2018 ലേതാണെന്ന് വിശദീകരിച്ചിട്ടുണ്ട്. 

അതേസമയം, വാർത്തയോടൊപ്പം പ്രചരിപ്പിക്കപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ ലിങ്കും പഴയതാണ്.  

നിലവിൽ, ഇന്ത്യക്കാർക്ക് ഓണ് അറൈവൽ വീസ 30 ദിവസം കൂടി എക്സ്റ്റന്റ് ചെയ്ത് മൊത്തം 60 ദിവസം വരെ ഖത്തറിൽ താമസിക്കാനുള്ള യോഗ്യതയുണ്ട്. 

ഓണ് അറൈവലിൽ എത്തുന്നവർക്ക്, ഖത്തറിലെത്തിയത് മുതൽ 6 മാസമെങ്കിലും കാലാവധിയുള്ള പാസ്പോർട്ട്, ഹോട്ടൽ ബുക്കിംഗ്, റിട്ടേണ് ടിക്കറ്റ്, 5000 ഖത്തർ റിയാലോ തത്തുല്യമായ തുകയോ ഉള്ള ഇന്റർനാഷണൽ ബാങ്ക് കാർഡ് എന്നിവയാണ് ആവശ്യമായ രേഖകൾ. ഇതിന് പുറമെ, ഖത്തർ അംഗീകൃത വാക്സിനേഷൻ പൂർത്തിയാക്കിയ ആളായിരിക്കണം അപേക്ഷകൻ. ഇഹ്തിറാസ് പോർട്ടലിൽ പ്രീ-രജിസ്ട്രേഷൻ, 72 മണിക്കൂറിനുള്ളിലെടുത്ത പിസിആർ നെഗറ്റീവ് റിപ്പോർട്ട് എന്നിവയും നിർബന്ധമാണ്.

Exit mobile version