ന്യൂഡൽഹി: കോവിഡിന് ശേഷമുണ്ടായ യാത്രാ നിയന്ത്രണങ്ങളിൽ ഏറ്റവും പ്രധാന ഇളവുകളുമായി ഇന്ത്യ. ഫെബ്രുവരി 14 മുതൽ നിലവിൽ വരുന്ന പുതിയ മാറ്റങ്ങൾ പ്രകാരം, ഖത്തർ ഉൾപ്പെടെ 82 രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് തിരിക്കുന്ന യാത്രക്കാർക്ക് യാത്രയുടെ മുൻപ് ഇനി ആർട്ടിപിസിആർ പരിശോധന ആവശ്യമില്ല. പകരം എയർസുവിധ പോർട്ടലിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്താൽ മതിയാകും.
എല്ലാ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തിയ ശേഷമുള്ള 7-ദിന ഹോം ക്വാറന്റീനും കേന്ദ്രസർക്കാർ ഔദ്യോഗികമായി എടുത്തുകളഞ്ഞു. എന്നാൽ, 14 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം.
ഇന്ത്യയിൽ എത്തിയ ശേഷമോ എട്ടാം ദിവസമോ ആർട്ടിപിസിആർ ടെസ്റ്റ് ആവശ്യമില്ല. എന്നാൽ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഓരോ ഫ്ളൈറ്റിൽ നിന്നും തിരഞ്ഞെടുക്കുന്ന 2% പേരെ റാൻഡം പരിശോധനക്ക് വിധേയമാക്കും. തെർമൽ സ്ക്രീനിംഗിൽ കൊവിഡ് ലക്ഷണങ്ങൾ ഉള്ള യാത്രക്കാരെയും ഐസൊലേഷനിലേക്ക് മാറ്റി ടെസ്റ്റ് ചെയ്യും.
അതേസമയം, എയർസുവിധ പോർട്ടലിൽ സെൽഫ് ഡിക്ലറേഷനും 14 ദിവസത്തെ യാത്രാ വിവരങ്ങളും നൽകുന്നത് തുടരണം. വാക്സിനേഷൻ പൂർത്തിയാക്കാത്തവർ 72 മണിക്കൂറിനുള്ളിലുള്ള ആർട്ടിപിസിആർ നെഗറ്റീവ് റിപ്പോർട്ടും അപ്ലോഡ് ചെയ്യണം.
എല്ലാ യാത്രക്കാരും ആരോഗ്യസേതു ഡൗണ്ലോഡ് ചെയ്തിരിക്കണം. വിമാനത്തിൽ കയറുന്നതിന് മുൻപ് തെർമൽ സ്ക്രീനിംഗിന് വിധേയമാക്കും. കോവിഡ് ലക്ഷണങ്ങളുള്ളവർക്ക് യാത്രാനുമതി ലഭിക്കില്ല.
പുതിയ മാറ്റങ്ങളിൽ, ‘റിസ്ക് രാജ്യങ്ങൾ’ എന്ന കാറ്റഗറിയും കേന്ദ്രസർക്കാർ നിർത്തലാക്കി. ആർട്ടിപിസിആർ ആവശ്യമില്ലാത്ത 82 രാജ്യങ്ങളിൽ ഖത്തർ, കാനഡ, ഹോങ്കോങ്, മാലിദ്വീപ്, ന്യൂസിലാൻഡ്, നെതർലാൻഡ്സ്, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ്, യുകെ, യുഎസ്എ, സൗദി, ഒമാൻ, ബഹ്‌റൈൻ, തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടും.
ചൈന ലിസ്റ്റിലില്ല. ജിസിസി രാജ്യങ്ങളിൽ യുഎഇയും കുവൈറ്റും ലിസ്റ്റിലില്ല എന്നതും ശ്രദ്ധേയമാണ്. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് തുടർന്നും പിസിആർ പരിശോധന ആവശ്യമായി വരും.