ഖത്തറിൽ ഷോപ്പിംഗ് മാളുകളിലും മാസ്‌ക് ആവശ്യമില്ല; ഇളവുകൾ ഏപ്രിൽ 2 മുതൽ

ദോഹ: ഖത്തറിൽ ഇനി ഷോപ്പിംഗ് മാളുകളിലും മാസ്‌ക് ആവശ്യമില്ല. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിൽ ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് കൂടുതൽ കൊവിഡ് ഇളവുകൾ പ്രഖ്യാപിച്ചത്. ഇളവുകൾ 2022 ഏപ്രിൽ 2 ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

അടച്ച പൊതു സ്ഥലങ്ങളിലേക്കുള്ള പ്രവേശനം ഇനിപ്പറയുന്നവ അനുസരിച്ച് അനുവദനീയമാണ്:

കോവിഡ് വാക്‌സിൻ ഡോസുകൾ പൂർത്തിയാക്കിയ എല്ലാവർക്കും രോഗം വന്ന് മാറിയവർക്കും, മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാക്‌സിൻ എടുക്കാൻ സാധിക്കാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും പ്രവേശിക്കാം.

കോവിഡ്-19 വാക്‌സിൻ പൂർത്തീകരിക്കാത്ത ആളുകൾക്ക് ശേഷിയുടെ 20% കവിയാൻ പാടില്ല എന്ന വ്യവസ്ഥയിലും പ്രവേശിക്കാം. എന്നാൽ ഇവർ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ചെയ്യണം.

ഫിസിക്കൽ ട്രെയിനിംഗ് ക്ലബ്ബുകൾ (ജിമ്മുകൾ), സ്പോർട്സ് ഇവന്റുകൾ, കോൺഫറൻസുകൾ, എക്സിബിഷനുകൾ, ഇവന്റുകൾ, ഇവിടങ്ങളിൽ പ്രവേശിക്കുന്നതിന് 24 മണിക്കൂറിനുള്ളിൽ റാപ്പിഡ് ടെസ്റ്റ് നടത്തണം.

തൊഴിൽ സ്ഥലങ്ങളിൽ വാക്സീൻ എടുക്കാത്തവർക്കുള്ള പ്രതിവാര ആന്റിജൻ ടെസ്റ്റ് തുടരും.

തുറന്ന പൊതുസ്ഥലങ്ങൾ, മാളുകൾ, എന്നിവ ഒഴികെ എല്ലാ അടഞ്ഞ പൊതുസ്ഥലങ്ങളിലും മാസ്ക് ഉപയോഗം തുടരണം. മാളുകളിൽ കടയുടെ അകത്ത് ആണെങ്കിൽ മാസ്‌ക് ധരിക്കണം.

പുറത്തിറങ്ങുമ്പോൾ ഇഹ്തിറാസ്‌ ഉപയോഗവും പതിവ് പോലെ തുടരണം.

Exit mobile version