നാഷണൽ ഡേ പരേഡിൽ സൈനിക വാഹനങ്ങൾ ഉണ്ടാവില്ല; കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസുകൾ

ദോഹ: ഡിസംബർ 18 ന് കോർണിഷിൽ നടക്കുന്ന ഖത്തർ നാഷണൽ ഡേ പരേഡിൽ സൈനിക വാഹനങ്ങളുണ്ടാകില്ലെന്നും കാലാൾ സൈന്യത്തിന്റെ പരേഡ് മാത്രമേ നടക്കുകയുള്ളൂവെന്നും ഖത്തർ അമീരി ഫോഴ്‌സിന്റെ മിലിട്ടറി കമാൻഡർ മേജർ ജനറൽ സലേം ബിൻ ഫഹദ് അൽ അഹ്ബാബി ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ അറിയിച്ചു.

കോർണിഷ് ഏരിയയിൽ മറ്റ് പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് സൈനിക വാഹനങ്ങൾ ഒഴിവാക്കുന്നത്. 2022 ലും സ്ഥിതി സമാനമായിരിക്കും. കോർണിഷിലെ ഒരു സ്ട്രീറ്റ് സൈനിക പരേഡ് ഷോയ്ക്ക് മാത്രമായും മറ്റ് തെരുവുകൾ സേവനങ്ങൾക്കായും ഉപയോഗിക്കും.

ദേശീയ ദിനത്തിൽ, ലോകത്തു മുൻപ് എവിടെയും കണ്ടിട്ടില്ലാത്ത ആശ്ചര്യജനകമായ പ്രകടനങ്ങൾ സൈനിക പരേഡിൽ അരങ്ങേറുമെന്നു അദ്ദേഹം അറിയിച്ചു. “വലിയ സർപ്രൈസുകൾ ഉണ്ടാകും, അത് വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ ഈ ആശയം പ്രതിരോധ മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു, പരേഡിലെ പ്രദർശനം അദ്ദേഹം അംഗീകരിച്ചു. കാലാൾപ്പട പ്രദർശനം വളരെ കൃത്യവും പാരമ്പര്യേതരവുമായിരിക്കും,” അദ്ദേഹം പറഞ്ഞു.

കത്താറ, സൂഖ് അൽ വക്ര, സൂഖ് വാഖിഫ് എന്നിവിടങ്ങളിൽ വിവിധ സൈനിക ഗ്രൂപ്പുകളുടെ പ്രകടനങ്ങൾ അരങ്ങേറും. “ദേശീയ ദിനത്തിൽ, ഞങ്ങൾ വളരെ സജ്ജരാണ്, അറബ് കപ്പിന് രാജ്യം ആതിഥേയത്വം വഹിക്കുന്നത് കണക്കിലെടുത്ത് ഈ വർഷം കൂടുതൽ സർപ്രസുകൾ ഉണ്ടാകും. കൂടാതെ, ഞങ്ങളുടെ പുതിയ വലിയ നാവിക കപ്പലുകൾ പ്രദർശനത്തിൽ പങ്കെടുക്കും. സർവീസിൽ പ്രവേശിച്ച പുതിയ വിമാനങ്ങളും പ്രദർശിപ്പിക്കും,” സൈനിക മേധാവി വ്യക്തമാക്കി.

Exit mobile version