ദോഹ: ഖത്തർ സർക്കാരിന്റെ വിവിധ ഡിജിറ്റൽ സേവനങ്ങൾക്കായുള്ള ഏകീകൃത ലോഗിൻ സർവീസായ നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റത്തിൽ (തൗതീഖ്) 2021 ന്റെ രണ്ടാം പാദത്തിൽ മാത്രം ഓപ്പൺ ചെയ്തത് 518,105 അക്കൗണ്ടുകൾ. 128, 572 അക്കൗണ്ടുകൾ ഏപ്രിൽ മാസത്തിലും 187,751 അക്കൗണ്ടുകൾ മെയിലും 201,782 അക്കൗണ്ടുകൾ ജൂണിലുമാണ് ജോയിൻ ചെയ്യപ്പെട്ടത്. 2021 ലെ ആദ്യപാദത്തെ അപേക്ഷിച്ച് 91,568 അക്കൗണ്ടുകൾ കൂടുതലാണ് തുടർന്നുള്ള മൂന്ന് മാസങ്ങളിൽ തുറന്നത്.
ഖത്തറിലെ സർക്കാർ സേവനങ്ങൾക്കുള്ള ഓണ്ലൈൻ തിരിച്ചറിയൽ സംവിധാനമായി 2019 ൽ ലോഞ്ച് ചെയ്യപ്പെട്ട തൗതീഖ്, നാഷണൽ ഓതന്റിക്കേഷൻ, ഡിജിറ്റൽ സിഗ്നേച്ചർ, സിംഗിൾ സൈൻ ഓണ്, ഇ-പേയ്‌മെന്റ് തുടങ്ങി ബിസിനസുകൾക്കും വ്യക്തികൾക്കുമായുള്ള ഈ-ഗവണ്മെന്റ് സേവനങ്ങളുടെ ഏറ്റവും സുരക്ഷിതവും ലളിതവുമായ ലഭ്യത ഉറപ്പുവരുത്തുന്നു. കോവിഡ് വാക്സിനേഷൻ, പിഎച്ച്സിസിയുടെ നർആക്കൂം ആപ്പിലേക്കുള്ള ആക്സസ് മുതലായവയും തൗതീഖ് നൽകുന്നുണ്ട്.
വർഷത്തിന്റെ രണ്ടാം പകുതിയിൽ മാത്രം 4,50,000 ഇ കറസ്പോണ്ടന്റ് സേവനങ്ങൾ സൈറ്റിലൂടെ പൂർത്തിയാക്കിക്കഴിഞ്ഞു. 37 മില്യൺ എസ്എംഎസുകളാണ് വർഷത്തിന്റെ രണ്ടാം പാദത്തിൽ ഉപഭോക്തൃ സേവനങ്ങൾക്കായി തൗതീഖ് എസ്എംഎസ് ഗേറ്റ്‌വേയിൽ നിന്ന് അയക്കപ്പെട്ടിട്ടുള്ളത്.