ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ മാർക്കറ്റുകളിൽ നിരീക്ഷണം ശക്തമാക്കി ആരോഗ്യമന്ത്രാലയം

ഖത്തറിൽ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മാർക്കറ്റുകളിൽ നിരീക്ഷണം ശക്തമാക്കി ആരോഗ്യമന്ത്രാലയം. ഇറക്കുമതി ചെയ്യുന്നതും പ്രാദേശികമായി നിർമിക്കുന്നതുമായ എല്ലാ ഭക്ഷ്യ ഉൽപ്പന്നങ്ങളും പൂർണമായും സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

സുരക്ഷയും സാങ്കേതികമായ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി 2024ൻ്റെ ആദ്യ പകുതിയിൽ, ഖത്തറിലേക്ക് ഇറക്കുമതി ചെയ്‌ത ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ 60,520 ഷിപ്പ്മെന്റുകൾ മന്ത്രാലയം പരിശോധിച്ചു. ഈ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് ഇറക്കുമതി ചെയ്‌ത ഉൽപ്പന്നങ്ങളുടെ ആകെ അളവ് 1,168,695,000 കിലോഗ്രാം ആയിരുന്നു. അതേസമയം, മാനദണ്ഡങ്ങൾ പാലിക്കാതിരുന്ന 985,676 കിലോ ഭക്ഷണം നശിപ്പിക്കുകയും 211 ഷിപ്പ്മെന്റുകൾ തിരിച്ചയക്കുകയും ചെയ്‌തു.

ആരോഗ്യമന്ത്രാലയത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് 2024ൻ്റെ ആദ്യ പകുതിയിൽ 155 എക്സ്പോർട്ട്, റീഎക്സ്പോർട്ട് സർട്ടിഫിക്കറ്റുകൾ നൽകി. കൂടാതെ, ഭക്ഷ്യ ഉൽപന്നങ്ങൾ നശിപ്പിച്ചതിന് 104 സർട്ടിഫിക്കറ്റുകളും ഭക്ഷ്യവസ്‌തുക്കൾ വീണ്ടും പരിശോധിക്കുന്നതിന് 48 സർട്ടിഫിക്കറ്റുകളും വകുപ്പ് നൽകി. ഭക്ഷ്യ ഉൽപ്പന്നങ്ങൾ നശിപ്പിക്കാൻ 625 അപേക്ഷകളും പുനഃപരിശോധിക്കാൻ 102 അപേക്ഷകളുമാണ് ഇക്കാലയളവിൽ ലഭിച്ചിരുന്നത്.

Exit mobile version