ഓൺലൈനായി ഡോക്യുമെൻ്റ് അറ്റസ്റ്റേഷൻ നടത്താം, പുതിയ സേവനങ്ങൾ ആരംഭിച്ച് ഖത്തർ വിദേശകാര്യ മന്ത്രാലയം

വിദേശകാര്യ മന്ത്രാലയം (MoFA) ഞായറാഴ്ച്ച പുതിയ ഓൺലൈൻ ഡോക്യുമെൻ്റ് അറ്റസ്റ്റേഷൻ സേവനങ്ങൾ ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾക്കും സർക്കാർ സ്‌കൂളുകളിൽ നിന്നുള്ള, വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പരിശോധിച്ചു നൽകുന്ന വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾക്കും ഇലക്ട്രോണിക് അറ്റസ്റ്റേഷനുകൾ ലഭിക്കുന്നതിന് ഈ സേവനങ്ങൾ ആളുകളെ അനുവദിക്കുന്നു.

ഡിപ്ലോമാറ്റിക് ഏരിയയിലെ അറ്റസ്റ്റേഷൻ വിഭാഗത്തിലോ ഏതെങ്കിലും സർക്കാർ സേവന കേന്ദ്രങ്ങളിലോ പോകാതെ തന്നെ എപ്പോൾ വേണമെങ്കിലും ഓൺലൈനായി തങ്ങളുടെ രേഖകൾ ഈ പുതിയ സേവനങ്ങളിലൂടെ അറ്റസ്റ്റ് ചെയ്യാൻ കഴിയുമെന്ന് കോൺസുലർ അഫയേഴ്സ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ മുഹമ്മദ് അബ്ദുല്ല അൽ സുബൈ പറഞ്ഞു.

ഉപയോക്താക്കൾക്ക് MoFA വെബ്‌സൈറ്റിൽ ഈ സേവനങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയും, ഇതിനായി നാഷണൽ ഓതൻ്റിക്കേഷൻ സിസ്റ്റം ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതുണ്ട്. ഇലക്ട്രോണിക് അറ്റസ്റ്റേഷൻ ഡോക്യുമെൻ്റ് ലഭിക്കുന്നതിന് ഒരു മിനിറ്റ് മാത്രമേ എടുക്കൂ.

ഡോക്യുമെൻ്റ് അറ്റസ്റ്റേഷനായി മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റ് വിവിധ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. രേഖകൾ ഖത്തർ പോസ്റ്റ് വഴി അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യാം. സർക്കാർ കോൺടാക്റ്റ് സെൻ്റർ (109) ഉപയോഗപ്പെടുത്താം, ഓൺലൈൻ സേവനങ്ങൾക്കുള്ള സഹായം ഒമ്പത് ഭാഷകളിൽ 24/7 ലഭ്യമാകും.

ഉപയോക്താക്കൾക്ക് നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിന് ഭാവിയിൽ കൂടുതൽ ഓൺലൈൻ സേവനങ്ങൾ https://mofa.gov.qa/ എന്ന MoFA വെബ്‌സൈറ്റിലേക്ക് ചേർക്കുമെന്ന് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് മുഹമ്മദ് അൽ നഈമി പറഞ്ഞു.

Exit mobile version