ഷീഷ നിരോധിച്ചതായി വാണിജ്യ വകുപ്പ്; ലേബർ കേന്ദ്രങ്ങളിൽ പരിശോധന ആരംഭിച്ച് തൊഴിൽ മന്ത്രാലയം

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി, ജനുവരി 8 ശനിയാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ റെസ്റ്റോറന്റുകളിലും കഫേകളിലും ഷിഷ/ഹുക്ക നിരോധിച്ചതായി വാണിജ്യ, വ്യവസായ മന്ത്രാലയം (MOCI) ഉത്തരവിട്ടു.

ഈ തീരുമാനം ലംഘിക്കുന്ന ഏതൊരു കക്ഷിക്കും ഉത്തരവാദിത്തമുണ്ടാകുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

എല്ലാ കമ്പനികളോടും വ്യക്തികളോടും അവരുടെയും സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ പ്രതിരോധ നടപടികൾ പാലിക്കണമെന്നും, ബന്ധപ്പെട്ട വിവരങ്ങൾ റഫർ ചെയ്യാൻ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്/ടോൾ ഫ്രീ നമ്പറായ 16000 എന്നിവ ഉപയോഗിക്കുകയോ ചെയ്യണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.  

അതേസമയം, കോവിഡ് നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നു എന്നുറപ്പ് വരുത്താൻ തൊഴിൽ കേന്ദ്രങ്ങളിലും ലേബർ ക്യാമ്പുകളിലും തൊഴിൽ മന്ത്രാലയം പരിശോധന ആരംഭിച്ചു. മാസ്‌ക്, സാനിറ്റൈസർ, സാമൂഹിക അകലം മുതലായവ ഉറപ്പു വരുത്തുക, തൊഴിലാളി കേന്ദ്രങ്ങളിലെ ജനസാന്ദ്രത നിയന്ത്രിക്കുക, മുറിയിൽ 4 പേരിൽ കൂടാതെ ഇരിക്കുക തുടങ്ങിയ നിയമങ്ങൾ കമ്പനികൾ പാലിക്കണമെന്നാണ് നിർദ്ദേശം.

ഖത്തറിൽ മൂന്നാം തരംഗ കോവിഡിനെ തുടർന്നുള്ള വ്യാപകമായ നിയന്ത്രണം ജനുവരി 8, നാളെ മുതൽ നിലവിൽ വരും.

Exit mobile version