ഖത്തറിന്റെ പിഎസ്‌ജിക്ക് വേണ്ടി മെസ്സി ഇന്ന് ബൂട്ടണിയും

പാരീസ്: പാരിസ് സെൻ്റ് ജെർമനിൽ ഇതിഹാസ താരം ലയണൽ മെസി ഇന്ന് അരങ്ങേറും. റെയിംസിനെതിരെയാണ് പിഎസ്ജിക്ക് വേണ്ടി മെസ്സിയുടെ ആദ്യ മത്സരം. ഇന്ന് ഖത്തർ സമയം 9:45 നാണ് മത്സരം തുടങ്ങുക – ഇന്ത്യൻ സമയം അർദ്ധരാത്രി 12:15. 

മെസിയും നെയ്മറും എംബാപ്പെയും റെയിംസിനെതിരായ മത്സരത്തിൻ്റെ ആദ്യ ഇലവനിൽ ഉൾപ്പെടുമെന്നാണ് വിവരം. മൂവരും സ്ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. ഇന്ന് മെസ്സി കളിക്കുകയാണെങ്കിൽ ബാഴ്സലോണ അല്ലാത്ത ഒരു ക്ലബ്ബിന് വേണ്ടി മെസ്സി കളിക്കുന്ന ആദ്യ മത്സരം കൂടിയാകും ഇത്. രണ്ടാഴ്ചക്ക് മുൻപ് മെസി പിഎസ്ജിയിലെത്തിയിരുന്നെങ്കിലും, മാച്ച് ഫിറ്റ് അല്ലാത്തതിനാലാണ് ഇതുവരെ കളിയിലിറങ്ങാതിരുന്നത്. 

തന്റെ 12 വയസ്സു മുതൽ 22 വർഷം നീണ്ട ബാഴ്‌സയുമായുള്ള മെസ്സിയുടെ കരാർ അവസാനിക്കുന്നത് കഴിഞ്ഞ ജൂലായിലാണ്. തുടർന്ന് സാമ്പത്തിക സാങ്കേതിക കാരണങ്ങളാൽ കരാർ പുതുക്കാൻ പ്രതിസന്ധി നേരിടുന്നതിനാൽ മെസ്സി ക്ലബിനോട് വിടപറയുന്നതായി ബാഴ്‌സ വ്യക്തമാക്കി. ഓഗസ്റ്റ് 10 മുതലാണ് മെസ്സി പിഎസ്ജിയിൽ ഔദ്യോഗികമായി ചേരുന്നത്. ഖത്തർ സർക്കാരിന്റെ പരമാധികാര ഫണ്ടായ ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഖത്തർ സ്പോർട്ട് അതോറിറ്റിക്കാണ് പിഎസ്ജി ക്ലബ്ബിന്റെ ഉടമസ്ഥാവകാശം.

പിഎസ്ജിയുമായി രണ്ട് വർഷത്തേക്കാണ് മെസി കരാർ ഒപ്പുവെച്ചത്. അതിനു ശേഷം ഒരു വർഷത്തേക്ക് കൂടെ കരാർ നീട്ടാനുള്ള നിബന്ധനയുമുണ്ട്. പ്രതിവർഷം 35 ദശലക്ഷം യൂറോയാണ് താരത്തിന്റെ പ്രതിഫലം. ബാഴ്‌സയിൽ സീനിയർ താരമായി അരങ്ങേറ്റം കുറിക്കവേ മെസ്സി അണിഞ്ഞ 30-ആം നമ്പറാണ് പിഎസ്ജിയിലെയും താരത്തിന്റെ ജേഴ്‌സി നമ്പർ.

Exit mobile version