ലോകകപ്പ് ഫുട്‍ബോള്‍ മത്സരങ്ങളുടെ സംഘാടനത്തില്‍ ഖത്തറിനെ അഭിനന്ദിച്ചും തനിക്ക് ലഭിച്ച സ്വീകരണത്തില്‍ നന്ദി അറിയിച്ചും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാൻ. ഞായറാഴ്ച ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ശേഷം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിക്ക് അയച്ച പ്രത്യേക സന്ദേശത്തിലാണ് മുഹമ്മദ് ബിൻ സൽമാൻ സഹോദര രാജ്യത്തെ അഭിനന്ദനം കൊണ്ട് മൂടിയത്.
“എനിക്കും എനിക്കൊപ്പമുണ്ടായിരുന്ന സംഘത്തിനും ലഭിച്ച ഊഷ്‍മളമായ സ്വീകരണത്തിനും ആഥിത്യത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് ഞാന്‍ നിങ്ങളുടെ രാജ്യം വിടുന്നത്. ഫിഫ ലോകകപ്പ് ഫുട്ബോള്‍ ഉദ്ഘാടന ചടങ്ങിന്റെ വിജയകരമായ സംഘാടനത്തിന് നിങ്ങളെ അഭിനന്ദിക്കുന്നു” – മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദേശം.
ഖത്തര്‍ അമീറിനും ഖത്തറിലെ ജനങ്ങള്‍ക്കുമായി ബിൻ സൽമാൻ ആശംസകൾ നേർന്നു.
ഉദ്ഘാടന മത്സരത്തില്‍ ഖത്തര്‍ ടീമിന് പിന്തുണയുമായി ടീമിന്റെ സ്‍കാര്‍ഫ് അണിഞ്ഞ് വേദിയിൽ ഇരുന്ന സൗദി കിരീടാവകാശി നേരത്തെ ഖത്തര്‍ അമീര്‍ ഒരുക്കിയ സ്വീകരണത്തിലും പങ്കെടുത്തിരുന്നു. ലോകകപ്പ് സംഘാടത്തിന് ഖത്തറിന് ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ അദ്ദേഹം സൗദി അധികൃതർക്ക് നിർദ്ദേശം നല്കുകയും ചെയ്തു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu