റിലീസിൽ മൂന്നാമത് ഖത്തർ; ‘റോഷാക്ക്’ ഗ്ലോബൽ ലോഞ്ചിൽ മമ്മൂട്ടി

പുതിയ ചിത്രം ‘റോഷാക്കി’ന്റെ ഗ്ലോബൽ ലോഞ്ചിനായി മമ്മൂട്ടി ഖത്തറിലെത്തി. ഇന്ന് രാവിലെ 11:30 ന് ദോഹയിൽ നടന്ന ചടങ്ങിൽ ചിത്രത്തിന്റെ ആഗോള പ്രകാശനവും അര മണിക്കൂറോളം മാധ്യമങ്ങളുമായി സംവാദവും നടന്നു. മാർച്ചിൽ ‘ഭീഷ്മ പർവ’ത്തിന്റെ പ്രമോഷന് ശേഷം ഈ വർഷം രണ്ടാം തവണയാണ് മമ്മൂട്ടി ഖത്തറിലെത്തുന്നത്.

ദുബായ്ക്ക് ശേഷം മലയാള സിനിമക്ക് ഏറ്റവുമധികം തിയേറ്ററുകളും പ്രേക്ഷകരും ഉള്ള വിദേശ മേഖല ഖത്തർ ആണെന്ന് മമ്മൂട്ടി പറഞ്ഞു. സമീപകാലത്തെ സെലിബ്രിറ്റി ഇന്റർവ്യൂകളിലെ വിവാദങ്ങൾ മുൻനിർത്തിയുള്ള ചോദ്യത്തിന് ഓരോരുത്തരും ഓരോ ചോദ്യങ്ങളാണ് ചോദിക്കുന്നതെന്നും അതിനുള്ള ഉത്തരങ്ങളാണ് പറയുന്നതെന്നും മമ്മൂട്ടി പറഞ്ഞു. അവർക്കിടയിൽ സാമാന്യ ധാരണയാണ് വേണ്ടത്.

ഖത്തർ ആസ്ഥാനമായ ട്രൂത്ത് ഗ്ലോബൽ ഫിലിംസ് പ്രദർശനത്തിന് എത്തിക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. അതേ കാരണം കൊണ്ട് തന്നെ കേരളത്തിനും യുഎഇക്കും ശേഷം ഏറ്റവും കൂടുതൽ റിലീസ് സെന്ററുകളും പ്രേക്ഷകരും ഖത്തറിലാണെന്ന് മമ്മൂട്ടി സൂചിപ്പിച്ചു.

ഒക്ടോബർ 7 ന് റിലീസ് ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ്. ‘കെട്യോളാണ് എന്റെ മാലാഖ’യ്ക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിലാണ്.

Exit mobile version