ഭീഷ്മ പർവത്തിന്റെ വിജയാഘോഷത്തിനായി മമ്മൂട്ടി ഖത്തറിലെത്തി. ദോഹയിൽ വെള്ളിയാഴ്ച അര മണിക്കൂറിലധികം താരം ആരാധകരുമായി സംവദിച്ചു. നിങ്ങളെല്ലാം ഖത്തറിൽ വരുന്നതിന് മുൻപ് 30 വർഷം മുൻപ് താൻ ഖത്തറിൽ വന്നിരുന്നു എന്ന് പറഞ്ഞാണ് മമ്മൂട്ടി തുടങ്ങിയത്. ഖത്തർ അധികം ബഹളങ്ങളില്ലാത്ത ശാന്തമായ രാജ്യമാണ്. ഫുട്‌ബോൾ ഏറെയിഷ്ടപ്പെടുന്ന മലയാളികൾക്ക് ഇതൊരു ഈസി സ്പോട്ടാണ്. ലോകകപ്പിന് ഒരുപാട് മലയാളികൾ ഇങ്ങോട്ട് ചാടാൻ സാധ്യതയുണ്ട്. ചിലപ്പോൾ ഞാനും വന്നേക്കാം.
സിനിമകൾക്ക് ആസൂത്രിതമായ ഡിഗ്രേഡ് ഇല്ലെന്ന് മമ്മൂട്ടി പറഞ്ഞു. ഭീഷ്മയ്ക്കും ഡിഗ്രേഡിംഗ് നടക്കുന്നുണ്ട്. അത് ഈ ആവേശത്തിൽ മുങ്ങിപ്പോകുന്നതാണ്. “ഡിഗ്രേഡിംഗ് ആസൂത്രിതമായിട്ടൊ പുറകിൽ നിന്നാരോ ചെയ്യുന്നതല്ല. ചിലരുടെ സമീപനങ്ങളാണ്. ഇന്ന കോർണറിൽ നിന്നാണെന്നും പറയാനൊക്കില്ല. അതിനൊന്നും ആൾക്കാർക്ക് വേറെ ജോലിയില്ലേ. ഇതൊക്കെ ഒരു ആവേശം കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ചെയ്യുന്നതാണ്. ഇന്ന രാഷ്ട്രീയ പാർട്ടി സിന്ദാബാദ്, നമ്മുടെ കക്ഷി എന്നിങ്ങനെ പറയുന്നില്ലേ, അത് പോലൊക്കെയാണ്. അങ്ങനെ എടുത്താൽ മതി,” മമ്മൂട്ടി പറഞ്ഞു.
“സിനിമ കാണുകയും ആർത്തലയ്ക്കുകയും ഉല്ലസിക്കുകയും ചെടി എറിയുകയും ബഹളമുണ്ടാക്കുകയും ഒക്കെ ചെയ്യുന്ന ആളുകളെയൊന്നും എനിക്കറിയില്ല. ഞാനൊന്നും ഒരുപകാരവും അവർക്ക് ചെയ്തിട്ടില്ല. മഹാഭാഗ്യമാണ് അങ്ങനെയുള്ളവരുടെ സ്നേഹം കിട്ടുന്നത്. ആ സ്നേഹമാണ് ഏറ്റവും വലിയ സ്വത്തും ധനവും സമ്പാദ്യവുമെല്ലാം,” മമ്മൂട്ടിയുടെ ഈ വാക്കുകളെ നിറഞ്ഞ കയ്യടിയോടെ സദസ് ഏറ്റെടുത്തു. ഖത്തറിലെ മമ്മൂട്ടിയുടെ സംഭാഷണ വിഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി.
ഫേസ്ബുക്കിലേത് പോലെ ഇൻസ്റ്റാഗ്രാമിൽ സജീവമല്ലാത്തത് എന്തു കൊണ്ടാണെന്നും ചോദ്യമുയർന്നു. ഫേസ്‌ബുക്ക് മാനേജ് ചെയ്യാൻ വേറെ ആളുകളെ വച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാം താൻ തന്നെയാണ് ഉപയോഗിക്കുന്നത്. ഞാൻ സ്വയം പ്രൊജക്ട് ചെയ്യുന്നതിൽ അൽപം മടിയുള്ളയാളാണ്. ഫോട്ടോകൾ എടുത്ത് വെച്ചാലും ഇടാൻ മടിയാണ്. മറ്റു ആളുകളെ വച്ചാൽ അവർ ആക്റ്റീവ് ആയി ഇടും. ഇൻസ്റ്റഗ്രാം കൂടുതൽ പേഴ്‌സണലൈസ്ഡ് ആയിപ്പോയത് കൊണ്ടാണ് അത് ചെയ്യാത്തതെന്നും മമ്മൂട്ടി പറഞ്ഞു.
ഖത്തർ ആസ്ഥാനമായ ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ് ഭീഷ്മ പർവത്തിന്റെ ഓവർസീസ് അവകാശം വാങ്ങിയത്. ഖത്തറിൽ 17 കേന്ദ്രങ്ങളിൽ ഉൾപ്പെടെ ജിസിസിയിലാകെ 158 റിലീസ് കേന്ദ്രങ്ങളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
ചടങ്ങിൽ ട്രൂത്ത് ഗ്ലോബൽ ചെയർമാൻ അബ്ദുൽ സമദ്, റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ, മാർക്കറ്റിങ് ഹെഡ് നൗഫൽ അബ്ദുൽറഹ്മാൻ, ട്രൂത്ത് ഗ്ലോബൽ റീജനൽ മാനേജർ ആർ.ജെ. സൂരജ് എന്നിവർ പങ്കെടുത്തു.
ഒരിടവേളയ്ക്ക് ശേഷം ഖത്തറിലെത്തിയ മമ്മൂട്ടിയെ ഇന്ത്യൻ അംബാസിഡർ ദീപക് മിത്തലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ കൾച്ചറൽ സെന്ററിൽ സ്വീകരിച്ചു.