ഖത്തർ ഉംസൈദിൽ ഡെസേർട്ട് സഫാരിക്കിടെയുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. കണ്ണൂർ മട്ടന്നൂർ ചാവശ്ശേരി കാശിമുക്കിൽ അബ്‌നാസ് അബ്ദുള്ളയാണ് മരണപ്പെട്ടത്. 32 വയസ്സായിരുന്നു. ഡെസേർട്ട് സഫാരിക്ക് പോയ അബ്‌നാസിന്റെ വാഹനം മറിഞ്ഞാണ് അപകടം എന്നാണ് വിവരം. ഏതാനും വർഷങ്ങളായി ഖത്തറിലുള്ള അബ്‌നാസ് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. മുമ്പ് ഹമദ് വിമാനത്താവളത്തിലും ലാർസൺ ടർബോ കമ്പനിയിലും ജോലി ചെയ്തിട്ടുണ്ട്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.