ദോഹ: ഖത്തറിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിന്റെ നേതൃത്വത്തിൽ 75-ആം ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ‘ഇന്ത്യ ഉത്സവ്’ വാരാഘോഷ പരിപാടി ആരംഭിച്ചു. ഇന്ത്യൻ വിഭവങ്ങൾ, ഭക്ഷ്യവസ്തുക്കൾ, ഗ്രോസറി മുതൽ വസ്ത്രങ്ങൾ വരെ നീളുന്ന മറ്റു ഉത്പന്നങ്ങൾ മുതലായവയുടെ ഗംഭീര ഓഫറുകളോട് കൂടിയ വില്പനയാണ് പരിപാടി ലക്ഷ്യമിടുന്നത്.
അൽ ഖറാഫയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ ഇന്ത്യൻ അംബാസിഡർ ദീപക് മിത്തൽ ഉദ്ഘാടനം ചെയ്ത വ്യാപരോത്സവത്തിൽ, ഇന്ത്യയും ഖത്തറും തമ്മിലുള്ള ദീർഘകാല ബന്ധത്തിന്റെ ആഘോഷം കൂടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ഖത്തറിൽ ഉൾപ്പെടെ ഗൾഫ് മേഖലയിലുടനീളം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ‘ബ്രാൻഡ് അംബാസിഡർ’ ആകാനുള്ള ലുലു ഗ്രൂപ്പിന്റെ ഉദ്യമത്തെ അഭിനന്ദിക്കുന്നതായി ദീപക് മിത്തൽ ചൂണ്ടിക്കാട്ടി.
ഖത്തറിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്ന ഇന്ത്യൻ ഭക്ഷ്യ പദാർത്ഥങ്ങളുടെ വിപുലമായ ശേഖരം മേളയുടെ ഭാഗമായി ഒരുക്കിയതായി ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഡയറക്ടർ ഡോ.മുഹമ്മദ് അൽത്താഫ് അറിയിച്ചു. ഖത്തറിന്റെ പ്രധാന ഭക്ഷ്യസ്രോതസ്സ് ആയി ഇന്ത്യ മാറിയതായും പ്രസ്തുത പരിപാടിയിലൂടെ ഇന്ത്യയുടെ ഭക്ഷ്യവൈവിധ്യം പ്രദർശിപ്പിക്കുക മാത്രമല്ല, ഭക്ഷ്യ വ്യവസായത്തിൽ രാജ്യം കൈവരിക്കുന്ന ദ്രുതവേഗവും വികസനവും ജനങ്ങളിലേക്ക് എത്തിക്കുക എന്ന സന്ദേശം കൂടി വഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ പട്ടിന്റെയും പ്രാദേശിക തുണിത്തരങ്ങളുടെയും വിൽപ്പന ലക്ഷ്യമിടുന്ന സമാന്തര മേളക്കും ലുലു ഗ്രൂപ് തുടക്കമിട്ടു. സാരി സെക്ഷനിൽ ആരംഭിച്ച വ്യാപരമേള സ്ഥാനപതിയുടെ ഭാര്യ കൂടിയായ ഡോ. അല്പ്ന മിത്തൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ നിന്നുള്ള സിന്തറ്റിക് പട്ടുസാരികളുടെയും മറ്റു വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും പ്രദർശനവും ഡിസ്കൗണ്ടോട് കൂടിയ വിൽപ്പനയുമാണ് ഈ വിഭാഗത്തിൽ ലക്ഷ്യമിടുന്നത്. വ്യാപരോത്സവം ഒരു വാരം നീണ്ടുനിൽക്കും