കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ റാപ്പിഡ് പിസിആർ കേന്ദ്രങ്ങൾ തുറന്നു.

കൊച്ചി: വിദേശത്ത് പോകുന്നവർക്ക് അതിവേഗം കൊവിഡ് ഫലം ലഭ്യമാകുന്ന റാപ്പിഡ് പിസിആർ ടെസ്റ്റ് കേന്ദ്രങ്ങൾ കേരളത്തിലെ വിമാനത്താവളങ്ങളിൽ പ്രവർത്തിച്ചു തുടങ്ങി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനൽ 3 ലെ പുറപ്പെടൽ ഭാഗത്ത് രണ്ടാമത്തെ തൂണിന് സമീപം സജ്ജമാക്കിയിട്ടുള്ള കേന്ദ്രം തിങ്കളാഴ്‌ച്ച സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഐഎഎസ് സന്ദർശിച്ചു വിലയിരുത്തിയതായി ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ അറിയിച്ചു. 

കേരളത്തില്‍ റാപിഡ് പി.സി.ആര്‍ പ്രചാരത്തിലില്ലാത്തതിനാല്‍, ഏറെ ശ്രമങ്ങള്‍ക്കുശേഷമാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയതെന്ന് സിയാൽ പറയുന്നു. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ അനുമതിയുള്ള ഹൈദരാബാദിലെ സാന്‍ഡോര്‍ മെഡിക് എയ്ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ലാബുമായി ചേര്‍ന്നാണ് സംവിധാനം പ്രവർത്തിക്കുക. മണിക്കൂറില്‍ 200 പേരെ പരിശോധിക്കാം. ഫലം 30 മിനിറ്റിനുള്ളില്‍ ലഭിക്കും.  ഇതിനുപുറമെ, ആവശ്യമെങ്കില്‍ റാപിഡ് ആന്റിജന്‍ പരിശോധനയും സിയാലില്‍ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. ഇതിനൊപ്പം, എയർപോർട്ടിന്റെ അറൈവൽ ഭാഗത്ത് മൂന്ന് ആർ.ടി.പി.സി.ആർ പരിശോധനാ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നതായി അധികൃതർ വ്യക്തമാക്കി.

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ, പുറപ്പെടൽ കേന്ദ്രത്തിൽ ജൂണ് 25 വെള്ളിയാഴ്ച്ചയോടെ റാപ്പിഡ് പിസിആർ സംവിധാനം ഇൻസ്റ്റാൾ ചെയ്തു ട്രയൽ ടെസ്റ്റ് പൂർത്തിയാക്കി. ഇന്ത്യൻ കൗണ്സിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) അംഗീകരിച്ച രണ്ട് റാപ്പിഡ് പിസിആർ സിസ്റ്റങ്ങൾ ആണുള്ളത്. അബോട്ട് ഐഡി നൗ, തെർമോഫിഷർ അക്യൂലാക് എന്നിവയാണവ. ഇത് രണ്ടും കോഴിക്കോട് വിമാനത്താവളത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.

ഇന്ത്യൻ യാത്രക്കാരിൽ നിന്ന് റാപ്പിഡ് പിസിആർ ഫലം നിലവിൽ യുഎഇ ആണ് ആവശ്യപ്പെട്ടത് എങ്കിലും മറ്റു രാജ്യങ്ങളും സമാനനിബന്ധനകൾ കൊണ്ടുവരുമെന്നാണ് കരുതപ്പെടുന്നത്. അതേ സമയം ഇന്ത്യക്കാർക്കുള്ള യുഎഇയുടെ യാത്രാവിലക്ക് അനിശ്ചിതമായി നീളുന്നതും യാത്രക്കാരെ വലക്കുന്നുണ്ട്. ജൂലൈ 21 വരെ വിലക്ക് തുടരുമെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ എങ്കിലും ജൂലൈ 6 മുതൽ എയർലൈൻസ് ബുക്കിംഗ് തുറന്നിട്ടുണ്ട്. ജൂലൈ 7 മുതൽ സർവീസ് തുടങ്ങിയേക്കാമെന്നും എന്നാൽ കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയാണെന്നും എമിറേറ്റ്‌സ് എയർലൈൻസ് ട്വിറ്ററിൽ അറിയിച്ചിട്ടുണ്ട്. 

Exit mobile version