കൊച്ചി: ഇന്ത്യയിൽ നിന്ന് വാക്സിനെടുത്തവർക്കുള്ള പ്രവേശനവിലക്ക് നീക്കുന്നതിനൊപ്പം യുഎഇ മുന്നോട്ട് വെച്ച നിബന്ധനകളിൽ ഒന്നായിരുന്നു പുറപ്പെടലിന് 4 മണിക്കൂറിനുള്ളിലുള്ള കോവിഡ് റാപ്പിഡ് പിസിആർ റിപ്പോർട്ട് (നെഗറ്റീവ്). 48 മണിക്കൂറിനുള്ളിൽ ആദ്യമെടുക്കുന്ന പിസിആർ ഫലത്തിന് പുറമേ ആണിത്. എന്നാൽ കേരളത്തിൽ ഏറെ ദൂരം സഞ്ചരിച്ചു വിമാനത്താവളത്തിലെത്തേണ്ട പലർക്കും ചുരുങ്ങിയ സമയത്തിനുള്ളിൽ റാപ്പിഡ് ടെസ്റ്റ് പ്രായോഗികമായിരുന്നില്ല. അറിയിപ്പ് വന്ന സമയത്ത് കേരളത്തിലെ ഒരു എയർപോർട്ടിലും പ്രസ്തുത സൗകര്യം ലഭ്യവുമായിരുന്നില്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ഇത് കൂടി കണക്കിലെടുത്താണ് ജൂണ് 23 ന് പ്രവേശനവിലക്ക് നീക്കിയിട്ടും വിമാനക്കമ്പനികൾ യുഎഇ സർവീസ് പുനരാരംഭിക്കാതിരുന്നത്.
എന്നാൽ കേരളത്തിലെ വിമാനത്താവളങ്ങളിൽ റാപ്പിഡ് പിസിആർ ടെസ്റ്റിനുള്ള സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. നിലവിൽ മൈക്രോ ഹെൽത്, ഡിഡിആർസി ലാബുകളുമായി ചേർന്ന് സൗകര്യം അതിവേഗത്തിൽ സ്ഥാപിക്കുകയാണ് സർക്കാർ.
കൊച്ചി വിമാനത്താവളത്തിൽ സൗകര്യം സജ്ജമാക്കിയതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സിയാൽ ഡിപ്പാർച്ചർ ടെർമിനൽ മൂന്നിൽ, 2 എന്നെഴുതിയ തൂണിന് സമീപമാണ് ടെസ്റ്റിനുള്ള സൗകര്യമുള്ളത്. 3400 രൂപയാണ് ടെസ്റ്റ് ചാർജ്. സ്വകാര്യലാബുമായി ചേർന്നുള്ള കരാർ ആയതുകൊണ്ട് തന്നെ ഉയർന്ന നിരക്ക് യാത്രക്കാരെ പിന്നെയും ആശങ്കപ്പെടുത്തുന്നുണ്ട്. മറ്റു വിമാനത്താവളങ്ങളിൽ സൗകര്യം ഉടൻ ലഭ്യമാകും.
പ്രധാനഗരങ്ങളിലെ എയർപോർട്ടുകൾ ഒഴികെ മിക്കയിടത്തും റാപ്പിഡ് ടെസ്റ്റ് ലഭ്യമല്ലെന്നിരിക്കെ ഇന്ത്യയിലെ വിമാനത്താവളങ്ങൾ ഓവർടൈം പരിശ്രമത്തിലൂടെ സൗകര്യം സ്ഥാപിക്കാൻ ശ്രമിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. റാപ്പിഡ് പിസിആർ നിലവിൽ യുഎഇ ആണ് ആവശ്യപ്പെട്ടിരിക്കുന്നതെങ്കിലും തുടർന്ന് മറ്റു രാജ്യങ്ങളുടെ നിബന്ധനകളിലും കടന്നുവരാം എന്നാണ് കരുതപ്പെടുന്നത്.