മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വേട്ടപ്പക്ഷി മേള ‘സ്ഹൈൽ’, സന്ദർശിച്ച് അമീർ

കത്താറ: ദോഹയിലെ കൾച്ചറൽ വില്ലേജ് ആയ കത്താറയിൽ സംഘടിപ്പിച്ച ഈ വർഷത്തെ ‘സ്ഹൈൽ’ ഫാല്ക്കണ് മേള ഖത്തര് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി സന്ദർശിച്ചു. സെപ്റ്റംബർ 7 ന് ആരംഭിച്ച മേളയിൽ മൂന്നാം ദിനമായ ഇന്നലെയായിരുന്നു അമീറിന്റെ സന്ദർശനം.

കത്താറ ഫൗണ്ടേഷനിലെ വിസ്ഡം സ്ക്വയറിലും ഖത്തർ ഹാളിലുമായാണ് പ്രദർശനം അരങ്ങേറുന്നത്. മേളയുടെ അഞ്ചാം പതിപ്പാണ് ഇത്തവണ കത്താറയില് നടക്കുന്നത്. നേരത്തെ മുതൽ തന്നെ അമീര് ഫാല്ക്കണ് മേളയിലെ പതിവ് സന്ദര്ശകനാണ്.

മേളയിൽ പ്രദര്ശിപ്പിച്ച വിവിധ സ്പിഷീസ് ഫാൽക്കണ് പക്ഷികളുടെ പവലിയൻ സന്ദർശിച്ച അമീർ അവയെക്കുറിച്ച് സംഘാടകരുമായി സംസാരിക്കുകയും ചെയ്തു. ഏറ്റവും പുതിയ വേട്ടയുപകരണങ്ങൾ പ്രദര്ശിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്ന സ്റ്റാളുകളും അദ്ദേഹം സന്ദര്ശിച്ചു.

ലോകത്തിലെ വിവിധ രാജ്യങ്ങളില് നിന്നുള്ള 160 പ്രാദേശിക, അന്താരാഷ്ട്ര കമ്പനികൾ തയ്യാറാക്കുന്ന വേട്ടപ്പക്ഷികളും വേട്ട ഉപകരണങ്ങളും പ്രദർശിപ്പിക്കപ്പെടുന്ന ‘സ്ഹൈൽ മേള’ ഇത്തരത്തിൽ മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലുതുമാണ്. പ്രദര്ശനത്തോടൊപ്പമുള്ള വിവിധ പൈതൃക-സാംസ്കാരിക പരിപാടികളെ കുറിച്ച് അമീര് സംഘാടകരുമായി സംസാരിച്ചു. പ്രദര്ശന ഹാളുകൾ മുഴുവൻ സന്ദർശിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

Exit mobile version