ഖത്തറിലെ പ്രശസ്ത മലയാളി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും കലാ-സാമൂഹിക രംഗത്തെ നിറ സാന്നിധ്യവുമായ കെ. മുഹമ്മദ് ഈസ (68) അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിലായിരുന്നു അന്ത്യം.
മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ മുഹമ്മദ് ഈസ, ഖത്തർ കെഎംസിസി സീനിയർ വൈസ് പ്രസിഡന്റും അലി ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ജനറൽ മാനേജരുമായിരുന്നു.
ഫുട്ബോൾ സംഘാടകനും മാപ്പിളപ്പാട്ട് ഗായനും ആസ്വാദകനുമായി കലാ-കായിക മേഖലകളിൽ നാല് പതിറ്റാണ്ടിലേറെ നിറഞ്ഞു നിന്ന ഇദ്ദേഹം, 1976ൽ 19-ാം വയസ്സിൽ ഖത്തറിലെത്തിയിരുന്നു. നിരവധി കലാകാരന്മാരെ ദോഹയിൽ എത്തിക്കുകയും അവർക്ക് വേദിയൊരുക്കാനും അവശരായ കലാകാരന്മാർക്ക് സാമ്പത്തിക സഹായം നൽകാനും മുൻപന്തിയിൽ നിന്നത് അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു.
ഖത്തറിലെ വലിയ ഫുട്ബോൾ കൂട്ടായ്മയായ ഖിഫിന്റെ വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചു. ഒരു മികച്ച സ്പോർട്സ് പ്രേമിയായിരുന്ന കെ. മുഹമ്മദ്, കുടുംബസമേതം പതിറ്റാണ്ടുകളായി ഖത്തറിലായിരുന്നു താമസം.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE