അൽ ജനൂബിൽ ജപ്പാന്റെ കണ്ണീർ; പെനാൾട്ടിയിൽ പൊലിഞ്ഞു ഏഷ്യൻ സ്വപ്നങ്ങൾ

ഖത്തർ ലോകകപ്പിലെ ആദ്യ പെനൽറ്റി ഷൂട്ടൗട്ട് കണ്ട മൽസരത്തിൽ പെനാൽറ്റിയിൽ ജപ്പാനെ 1-3 ഗോളുകൾക്ക് തകർത്ത് മുൻ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ ക്വാർട്ടറിൽ. റെഗുലർ ടൈമിൽ 1-1 ന് സമനിലയായ മത്സരം അധിക സമയത്തേക്ക് നീണ്ടു. അധിക സമയത്ത് ആർക്കും ഗോളടിക്കാൻ ആവാത്തതിനാൽ പിന്നീട് പെനാൽറ്റിയിലേക്കും മത്സരമെത്തി.

ഗോൾ കീപ്പർ ഡൊമിനിക് ലോകോവിച്ചിന്റെ മികച്ച സേവുകളാണ് ക്രൊയേഷ്യയെ രക്ഷിച്ചത്. ജപ്പാന്റെ ആദ്യ 2 കിക്കുകളും ക്രൊയേഷ്യൻ ഗോൾ കീപ്പർ കയ്യിലൊതുക്കി. തിരിച്ച് ക്രൊയേഷ്യൻ ഷോട്ടുകൾ വല കുലുക്കുകയും ചെയ്തു. എന്നാൽ ക്രൊയേഷ്യയുടെ മൂന്നാം ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചു. ജപ്പാന്റെ മൂന്നാം ഷോട്ട് വലയിലുമെത്തി (2-1). പക്ഷെ ഡൊമിനിക് ലോകോവിച്ചിന്റെ നീരാളിക്കൈകൾ ജപ്പാന്റെ നാലാം ഷോട്ടും കൈപ്പിടിയിലാക്കി. പിന്നീട്‌ ഒറ്റ ഗോൾ മതിയായിരുന്നു ക്രൊയേഷ്യക്ക് ജയിക്കാൻ. സ്വഭാവികമായും മാരിയോ പസാലിച്ച് എടുത്ത ക്രൊയേഷ്യയുടെ നാലാം ഷോട്ടിൽ അൽ ജനൂബിൽ ജപ്പാൻ കണ്ണീരണിഞ്ഞു.

തുടക്കം മുതൽ ഒപ്പത്തിനൊപ്പമായിരുന്നു ഇരു ടീമുകളും. ഗോളവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിലും ഈ തുല്യത കാത്തു. 2 വീതം അവസരങ്ങൾ ഇരു ടീമുകളും പാഴാക്കി.

ആദ്യ പകുതി അവസാനിക്കാൻ 2 മിനിറ്റ് മാത്രം ബാക്കി നിൽക്കെ 43–ാം മിനിറ്റിലാണ് ജപ്പാൻ ലീഡ് പിടിച്ചത്. ജപ്പാന് അനുകൂലമായി ലഭിച്ച കോർണർ കിക്കിൽ ചെറിയ ദൂരത്തിലേക്ക് മാത്രം പന്തടിച്ച് പരസ്പരം പാസ് ചെയ്ത് നടത്തിയ നീക്കമാണ് ടീം ഗോളിലേക്കെത്തിച്ചത്. റിറ്റ്സു ഡൊവാന്റെ ക്രോസിൽ ഉയർന്നുചാടി യോഷിദ പന്ത് നേരെ പോസ്റ്റിലേക്ക് തട്ടുന്നു, ഓടിയെത്തിയ മയേഡ ഷോട്ട് വലയിലാക്കുന്നു.

എന്നാൽ രണ്ടാം പകുതിയുടെ തുടക്കം തുടർച്ചയായ സമ്മർദ്ദത്തിനൊടുവിൽ 55 –ാം മിനിറ്റിൽ ക്രൊയേഷ്യ സമനില പിടിച്ചു. ഇവാൻ പെരിസിച്ച് ആണ് ഗോൾ നേടിയത്. പിന്നീടങ്ങോട്ട് പ്രതിരോധവും ആക്രമണവും ഒരു പോലെ ശക്തമായ മത്സരത്തിൽ ഇരു ടീമുകൾക്കും ഗോൾ വല കുലുക്കാൻ മാത്രമായില്ല. ഒന്നിലധികം തവണ ഗോളെന്നുറപ്പിച്ച ഷോട്ടുകൾ ഇരുവർക്കും നഷ്ടമായി. അധിക സമയത്ത് ക്രൊയേഷ്യൻ ഗോൾ മുഖത്ത് ജപ്പാൻ നാടകീയമായ ആക്രമണം നടത്തിയെങ്കിലും ഭാഗ്യം തുണച്ചില്ല.

ഡിസംബർ ഒൻപതിനു നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ ക്രൊയേഷ്യ ഇന്നത്തെ ബ്രസീൽ – ദക്ഷിണ കൊറിയ മത്സര വിജയിയെ നേരിടും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Exit mobile version