ലോകകപ്പിന് ഒരുങ്ങുന്ന ഖത്തറിന് ഇന്ത്യയുടെ പിന്തുണ ആഘോഷിക്കാൻ ‘കമ്യൂണിറ്റി കാർണിവൽ’ വെള്ളിയാഴ്ച്ച

ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി), ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐസിബിഎഫ്), ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷണൽസ് കൗൺസിൽ (ഐബിപിസി) എന്നീ മൂന്ന് അപെക്സ് ബോഡികളുമായി ചേർന്ന് ഇന്ത്യൻ സ്പോർട്സ് സെന്ററിന്റെ നേതൃത്വത്തിൽ, ഫിഫ ഖത്തർ ലോകകപ്പ് കൗണ്ട്ഡൗണ് ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി കാർണിവൽ നാളെ നടക്കും. 2021 നവംബർ 26 വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ രാത്രി 10 മണി വരെ അബു ഹമൂർ ഐഡിയൽ ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിലാണ് പരിപാടി.

 “നിങ്ങൾക്കറിയാവുന്നതുപോലെ, 2022 ഫിഫ ലോകകപ്പിനുള്ള ഒരു വർഷത്തെ കൗണ്ട്ഡൗൺ നവംബർ 21-ന് ആരംഭിച്ചു. ഈ തീയതി ഇന്ത്യൻ സമൂഹം ഒരു കാർണിവൽ ഉത്സവത്തോടെ ആഘോഷിക്കുന്നു. ഇത് ഊർജസ്വലവും അതുല്യവുമായ ഒരു സംഭവമായിരിക്കും,” ഐഎസ്‌സി അധികൃതർ ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.

വൈകീട്ട് ഏഴിന് ഇന്ത്യൻ അംബാസഡർ ഡോ.ദീപക് മിത്തൽ പരിപാടി ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ സംഗീത നൃത്ത പരിപാടികൾ, പരമ്പരാഗത ഇന്ത്യൻ കായിക ഇനങ്ങളുടെ പ്രദർശനം, ആകർഷകമായ സമ്മാനങ്ങളോടുകൂടിയ ഫുട്ബോൾ ഷൂട്ടൗട്ട് ഇവന്റ്, ഫെയ്‌സ് പെയിന്റിംഗ്, ഫുട്‌ബോൾ ജഗ്ലേഴ്‌സ്, മാജിക് ഷോ, ലേസർ, ഫയർവർക്ക്‌സ് മുതലായവ അരങ്ങേറും.

പരിപാടി നടക്കുന്ന സ്ഥലത്തേക്കുള്ള (ഐഡിയൽ ഇന്ത്യൻ സ്‌കൂൾ, അബു ഹമൂർ) പ്രധാന കവാടം ഗേറ്റ് നമ്പർ 6 വഴിയാണ്. കുടുംബങ്ങൾക്ക് ഗേറ്റ് നമ്പർ 4 ലൂടെ പ്രവേശിക്കാനാവും.

ഖത്തറിലെ പ്രമുഖർ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാർ, ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥർ, ഖത്തറിൽ താമസിക്കുന്ന മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.  

 “ഇത് ഫുട്ബോൾ ലോകത്തിനും ഖത്തറിലെ ഫുട്ബോൾ ആരാധകർക്കും, പ്രത്യേകിച്ച് നമ്മുടെ ആതിഥേയ രാഷ്ട്രത്തിനുമായി സമർപ്പിക്കപ്പെട്ട പരിപാടിയായിരിക്കും. വരാനിരിക്കുന്ന ഫിഫ ഗെയിംസിന്റെ ആതിഥേയ രാജ്യമെന്ന നിലയിൽ ഖത്തറിനുള്ള ഇന്ത്യൻ പ്രവാസികളുടെ പിന്തുണ ഈ പരിപാടി തെളിയിക്കും,” അധികൃതർ കൂട്ടിച്ചേർത്തു.

ഇന്ത്യൻ ഡോക്‌ടേഴ്‌സ് ക്ലബ് (ഐഡിസി), യുണൈറ്റഡ് നഴ്‌സ് ഓഫ് ഇന്ത്യ – ഖത്തർ (യുനിക്), ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഖത്തർ (ഫിൻക്യു) എന്നിവയിലെ അംഗങ്ങൾ പരിപാടിയിൽ പങ്കെടുക്കും, പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് നിയന്ത്രണങ്ങളുടെ ചുമതല ഇവർ നടപ്പാക്കും. വാക്സീൻ എടുക്കാത്ത കുട്ടികൾക്ക് ആന്റിജൻ ടെസ്റ്റ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാക്കും.  

ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ പ്രസിഡന്റ് ഡോ. മോഹൻ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന പത്രസമ്മേളനത്തിലാണ് ഇന്ത്യൻ കമ്മ്യൂണിറ്റി കാർണിവൽ പരിപാടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Exit mobile version