‘സൈർ-അൽ-ബഹർ’, ഇന്ത്യ-ഖത്തർ സംയുക്ത നാവികാഭ്യാസം വിജയകരമായി പൂർത്തിയാക്കി

ദോഹ. ഇന്ത്യൻ നാവികസേനയും ഖത്തർ അമിരി നാവിക സേനയും (ക്യുഇഎൻഎഫ്) തമ്മിലുള്ള സംയുക്ത നാവികാഭ്യാസ പരിശീലനമായ ‘സൈർ-അൽ-ബഹർ’ (സമുദ്രഗർജ്ജനം) ന്റെ രണ്ടാം പതിപ്പ് പേർഷ്യൻ ഉൾക്കടലിൽ ആഗസ്റ്റ് 9 മുതൽ 14 വരെ അരങ്ങേറി. മൂന്ന് ദിവസത്തെ ഹാർബർ ഘട്ടവും തുടർന്ന് രണ്ട് ദിവസത്തെ സമുദ്ര ഘട്ടവും അടങ്ങിയതായിരുന്നു അഭ്യാസ പദ്ധതി.  

ഉപരിതല ആക്ഷൻ, കടൽക്കൊള്ള നേരിടാനുള്ള പരിശീലനങ്ങൾ, വ്യോമ പ്രതിരോധം, സമുദ്ര നിരീക്ഷണം, ബോർഡിംഗ് പ്രവർത്തനങ്ങൾ, SAR പരിശീലനങ്ങൾ എന്നിവ ഉൾപ്പെടുന്നതായിരുന്നു സമുദ്ര ഘട്ടം. പ്രസ്തുത ഘട്ടത്തിൽ, ഇന്ത്യൻ നേവി സ്റ്റെൽത്ത് ഫ്രിഗേറ്റ് ഐഎൻഎസ് ത്രികണ്ഡ്, ബർസാൻ, ദംസ ക്ലാസിലെ ക്യുഇഎൻഎഫ് മിസൈൽ ബോട്ടുകൾ, എംആർടിപി 34 ക്ലാസിലെ ഫാസ്റ്റ്-അറ്റാക്ക് ക്രാഫ്റ്റ്സ്, റാഫേൽ ഫൈറ്റർ എയർക്രാഫ്റ്റ് എന്നീ ഇന്ത്യൻ യുദ്ധസന്നാഹങ്ങളാണ് അണിനിരന്നത്.

മേഖലയിൽ സമാധാനം, സുസ്ഥിരത, സുരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും കൂടാതെ സമുദ്ര സുരക്ഷ സംബന്ധിച്ച വിഷയങ്ങളിൽ മറ്റു നേവികളുമായി സഹകരിക്കാൻ എപ്പോഴും തയ്യാറാണെന്നും ഇന്ത്യൻ നേവി പ്രസ്താവനയിൽ അറിയിച്ചു. ‘സൈർ-അൽ-ബഹർ’ രണ്ടാം പതിപ്പ് ഖത്തർ നാവികസേനയുമായി ശക്തമായ സൗഹൃദബന്ധം സ്ഥാപിക്കുന്നതിനും പരസ്പര സഹവർത്തിത്വം ഏകീകരിക്കുന്നതിനുമുള്ള ഇന്ത്യൻ നാവികസേനയുടെ ശ്രമങ്ങൾക്ക് സംഭാവന നൽകുമെന്നറിയിച്ച നേവി അധികൃതർ, രണ്ട് നാവികസേനകൾ തമ്മിലുള്ള ഉഭയകക്ഷി സമുദ്ര അഭ്യാസം ഇരു രാജ്യങ്ങളും തമ്മിലുള്ള സമുദ്ര പദ്ധതികൾ കൂടുതൽ ശക്തിപ്പെടുത്തുകയും മേഖലയിലെ സമുദ്ര സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും വ്യക്തമാക്കി.

Exit mobile version