എയർബബിൾ കരാർ പുതുക്കിയില്ല. ഇന്ത്യ-ഖത്തർ വിമാനസർവീസുകൾ മുന്നറിയിപ്പില്ലാതെ മുടങ്ങി.  

ദോഹ: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഖത്തരി വിസയുള്ള ഇന്ത്യക്കാരുടെ യാത്രക്കായി ഏര്‍പ്പെടുത്തിയ എയര്‍ബബിള്‍ കരാര്‍ ജൂണ്‍ 30 അര്‍ദ്ധരാത്രിയിൽ കാലാവധി അവസാനിച്ചതോടെ, ഇന്ന് മുതൽ ഖത്തറിലേക്കും തിരിച്ചു ഇന്ത്യയിലേക്കുമുള്ള വിമാനസർവീസുകൾ മുടങ്ങി. കരാര്‍ കാലാവധി സമയബന്ധിതമായി പുതുക്കാത്തതാണ് കാരണം. കരാർ പുതുക്കാത്തതിന് പിന്നിൽ സാങ്കേതിക കാരണങ്ങളാണ് എന്നാണ് സൂചന. 

കോഴിക്കോട് നിന്ന് ഇന്ന് രാവിലെ ആറിന് പുറപ്പെടേണ്ടിയിരുന്ന എയര്‍ഇന്ത്യ വിമാനം ഇതേ തുടര്‍ന്ന് കാൻസൽ ചെയ്തു. യാത്രക്കാര്‍ വിമാനത്താവളത്തിലെത്തിയതിനുശേഷം മാത്രമാണ് സർവീസ് റദ്ദാക്കിയ വിവരം അധികൃതർ വെളിപ്പെടുത്തുന്നത്. ഇതോടെ യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടില്‍ പ്രതിഷേധിക്കേണ്ടി വന്നു. തുടർന്നും ഏഴു മണിക്കൂറിനു ശേഷമാണ് എയർ ഇന്ത്യ കാരണം വ്യക്തമാക്കി സർവീസ് റദ്ദാക്കിയ വിവരം അറിയിക്കുന്നത്.

വിമാനക്കമ്പനികളിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നത് വരെ പുതിയ ടിക്കറ്റുകൾ ഇഷ്യു ചെയ്യേണ്ടതില്ലെന്നാണ് ട്രാവൽ ഏജൻസികൾക്കുള്ള നിർദ്ദേശമെന്നറിയുന്നു. വലിയ തുക മുടക്കി ഖത്തറിൽ ഹോട്ടൽ ക്വാറന്റൈൻ ബുക്ക് ചെയ്യേണ്ടി വന്ന പ്രവാസികൾക്ക് യാത്രാതടസ്സം വൻ ആശങ്കയാണ് സൃഷ്ടിച്ചത്. വിമാനം മുടങ്ങിയ വിവരം യാത്രക്കാർക്ക് ഹോട്ടൽ അധികൃതരെ ഇമെയിലിലൂടെ അറിയിക്കാം. ഇതിനായുള്ള മെയിൽ ഐഡികൾ: dqwelcomehome@qatarairways.com.qa , DQMekaines@qatarairways.com.qa

അതേസമയം, കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ അതിവേഗം പുരോഗമിക്കുകയെന്നാണ് റിപ്പോർട്ട്. ഇന്ന് വൈകിട്ടോടെ തന്നെ പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷ.

Exit mobile version